ലിമെറികിൽ പാര്‍ട്ണറുടെ മകനെ കൊന്ന സ്ത്രീയ്ക്ക് ജീവപര്യന്തം…പാര്‍ട്ണര്‍ക്ക് ഏഴ് വര്‍ഷം ജയില്‍

New Update
bbbgy6777777777777777

ലിമെറിക് : ലിമെറിക്കില്‍ പാര്‍ട്ണറുടെ നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ 32കാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ.മേസണ്‍ ഒ കോണല്‍ കോണ്‍വേയുടെ കൊലപാതകത്തിലാണ് ശിക്ഷിച്ചത്. മേസണിന്റെ പിതാവിനെ ഏഴു വര്‍ഷം ജയിലും വിധിച്ചു.

Advertisment

സ്ഥിരം മേല്‍വിലാസമില്ലാത്ത ടെഗന്‍ മക്ഗീയ്ക്കാണ് കണ്ണില്ലാത്ത ക്രൂരതയ്ക്ക് ജീവപര്യന്തം നല്‍കിയത്. മെഡിക്കല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.കുറ്റവാളിയെ സഹായിച്ചതിനും കുട്ടിയെ അപകടത്തിലാക്കുന്ന വിധത്തില്‍ അവഗണിച്ചതിനുമാണ് മേസന്റെ പിതാവ് ജോണ്‍ പോള്‍ ഒ കോണലിനെ ശിക്ഷിച്ചത്.

ക്രൂരമായ മര്‍ദ്ദനത്തിനൊടുവിലാണ് കുട്ടി മരിച്ചത്.എന്നിട്ട് ബെഡ്ഡില്‍ നിന്നും താഴെ വീണെന്ന് പറഞ്ഞ് എമര്‍ജെന്‍സി വിഭാഗത്തെ പറ്റിച്ച് ആശുപത്രിയിലുമെത്തിച്ചു.2021 മാര്‍ച്ച് 13 ന് മേസനെ ആശുപത്രിയില്‍ എമര്‍ജെന്‍സി വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.മൂന്ന് ദിവസം ആശുപത്രിയില്‍ ലൈഫ് സപ്പോര്‍ട്ടോടെ മരണത്തോട് മല്ലടിച്ച ശേഷമാണ് കുട്ടി മരിച്ചത്.

കുഞ്ഞിന്റെ തല മുതല്‍ കാല്‍ വരെ മുറിവുകളായിരുന്നു.വാരിയെല്ലിനും കരളിനും മുറിവേറ്റ് കീറിപ്പോയി. തലച്ചോറിന് ഗുരുതരമായ പരിക്കേറ്റു.കാര്‍ അപകടത്തിലോ ഉയരത്തില്‍ നിന്നുള്ള വീഴ്ചയിലോ ഉണ്ടായത്ര ഭീകരമായിരുന്നു മുറിവുകള്‍. ഈ മുറിവുകളൊന്നും സാധാരണമോ ആകസ്മികമോ അല്ലെന്ന് വിചാരണയില്‍ തെളിഞ്ഞിരുന്നു. കുട്ടിയുടെ പരിക്കുകളുടെ ഭീകരത കണ്ട് ഞെട്ടിപ്പോയെന്ന് പീഡിയാട്രിക് കണ്‍സള്‍ട്ടന്റ് കോടതിയില്‍ മൊഴി നല്‍കി.

അമ്മയ്ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. അതിനാല്‍ മാസങ്ങളായി മേസണ്‍ തന്റെ അച്ഛനും മക്ഗീക്കുമൊപ്പമാണ് താമസിച്ചിരുന്നത്.കുട്ടിയെ ഇവര്‍ വല്ലാതെ അഗവഗണിച്ചു. തറയിലിരുത്തിയാണ് ഭക്ഷണം നല്‍കിയത്.ബര്‍ത്ത് ഡേ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള ഫാമിലി പരിപാടികള്‍ താഴെ നടക്കുമ്പോള്‍ കുട്ടിയെ മുകളിലത്തെ നിലയിലാക്കുമായിരുന്നു.

കുടുംബാംഗങ്ങളെയൊന്നും കുട്ടിയെ കാണാന്‍ അനുവദിച്ചില്ല. അമ്മയുടെ കുടുംബവുമായി വീഡിയോ കോളുകളും സമ്മതിക്കില്ലായിരുന്നു. പലവിധ അസൗകര്യങ്ങള്‍ നിരത്തി മക്ഗീ കുട്ടിയെ നിരന്തരം പീഡിച്ചു എന്നതിന് തെളിവുകളുണ്ടെന്നും ജഡ്ജി വെളിപ്പെടുത്തി.എമര്‍ജെന്‍സി സേവനങ്ങളെയും മറ്റും കബളിപ്പിക്കാനുള്ള ശ്രമവുമുണ്ടായി.

ഭീകരമായ കാലത്തിലൂടെയാണ് കുട്ടി കടന്നുപോയതെന്ന് ജഡ്ജി വിലയിരുത്തി.നാല് വയസ്സുകാരനെ തുടര്‍ച്ചയായി ദുരുപയോഗം ചെയ്തതിനും ഒറ്റപ്പെടുത്തുകയും ചെയ്തതാണ് കേസെന്ന് ജസ്റ്റിസ് പോള്‍ മക്ഡെര്‍മോട്ട് അഭിപ്രായപ്പെട്ടു.മേസന്റെ ആശുപത്രിയിലെ ഫോട്ടോകള്‍ കണ്ടുനില്‍ക്കാന്‍ പറ്റാത്ത വിധത്തിലുള്ളതായിരുന്നുവെന്ന് ജസ്റ്റിസ് മക്ഡെര്‍മോട്ട് ചൂണ്ടിക്കാട്ടി.

കയ്പേറിയതെങ്കിലും മധുരമുള്ള ദിവസമാണ് ഇതെന്ന് മേസണിന്റെ അമ്മ കോണ്‍വേ പ്രതികരിച്ചു.കുടുംബത്തിന് നീതി ലഭിച്ചെങ്കിലും ഒരിക്കലും മേസണിനെ തിരികെ കിട്ടില്ലല്ലോയെന്ന സങ്കടം ബാക്കിയാണെന്നും ഇവര്‍ പറഞ്ഞു.മക്ഗീയെയും ജോണ്‍ പോള്‍ ഒ’കോണലിനെയും വിശ്വസിച്ചതാണ് അപകടമുണ്ടാക്കിയതെന്നും ഒരിക്കലും അവരോട് ക്ഷമിക്കില്ലെന്നും കാണ്‍വേ പറഞ്ഞു.

Advertisment