നോര്‍ത്ത് ഡബ്ലിനിലെ റസ്റ്റോറന്റില്‍ ലൈംഗികാതിക്രമത്തിന് ഇരയായ ഇന്ത്യന്‍ വനിതാ ഷെഫിന് 1,43,300 യൂറോ നഷ്ടം നല്‍കാന്‍ വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് കമ്മീഷന്‍

New Update
jhgftgyui

ഡബ്ലിന്‍ : നോര്‍ത്ത് ഡബ്ലിനിലെ റസ്റ്റോറന്റില്‍ ലൈംഗികാതിക്രമത്തിന് ഇരയായ ഇന്ത്യന്‍ വനിതാ ഷെഫിന് 1,43,300 യൂറോ നഷ്ടം നല്‍കാന്‍ വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് കമ്മീഷന്‍ വിധി.

Advertisment

സ്ത്രീ തൊഴിലാളി നേരിട്ട ലിംഗ വിവേചനത്തിനും വിവിധ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുമായാണ് ഡബ്ലിനിലെ സ്‌കെറീസിലുള്ള ബോംബെ ഹൗസ് ഉടമയ്ക്ക് പിഴയിട്ടത്.ഇന്ത്യയില്‍ നിന്നുള്ള ഷെഫും രണ്ട് കുട്ടികളുടെ അമ്മയുമായ ശരണ്‍ജീത് കൗറിനാണ് കമ്മീഷന്‍ ആശ്വാസ വിധി ലഭിച്ചത്. കൗറിന്റെ കേസ് കമ്മീഷനിലെത്തിച്ച മൈഗ്രന്റ് റൈറ്റ്‌സ് സെന്റര്‍ ഫോര്‍ അയര്‍ലണ്ടിന് ഒരു ദശാബ്ദത്തിനിടെ ലഭിച്ച ഏറ്റവും വലിയ നഷ്ടപരിഹാര വിധി കൂടിയാണിത്.

നിയമലംഘനം അക്കമിട്ടുള്ള വിധി

ബ്ലാക്ക്‌മെയിലിംഗിന്റെയും നാടുകടത്തലിന്റെയും നിരന്തര ഭീഷണിയില്‍ ഈ സ്ത്രീ തൊഴിലാളി അഗ്നിപരീക്ഷകളാണ് നേരിട്ടതെന്ന് കമ്മീഷന്‍ അഡ്ജുഡിക്കേറ്റര്‍ എലിസബത്ത് സ്പെല്‍മാന്‍ നിരീക്ഷിച്ചു. ഇവര്‍ ഉന്നയിച്ച ലൈംഗിക പീഡനം അടക്കമുള്ളവയ്ക്ക് ശക്തമായ തെളിവുകളുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു.

തൊഴില്‍ സമത്വ നിയമം ലംഘിച്ചുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പരമാവധി നഷ്ടപരിഹാരമായ രണ്ട് വര്‍ഷത്തെ ശമ്പളം 60,000 യൂറോ നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. അന്യായമായി പിരിച്ചുവിട്ടതിന് ഒരു വര്‍ഷത്തെ ശമ്പളമായി 30,000 യൂറോയും നല്‍കണം.

സണ്‍ഡേ പ്രീമിയം പേ, ഷിഫ്റ്റ് ബ്രേക്സ്, വാര്‍ഷിക അവധി, പെയ്ഡ് ഹോളിഡേ അലവന്‍സ്ായ 2,905 യൂറോ അടക്കം 35,000 യൂറോയും പേയ്‌മെന്റ് ഓഫ് വേജസ് ആക്റ്റ് ലംഘിച്ച് നിയമവിരുദ്ധമായി ശമ്പളം കുറച്ചതിന് 7,450 യൂറോയും നല്‍കണം.

രേഖാ മൂലം കരാര്‍ നല്‍കാത്തതിന് 575യൂറോ പിഴയിട്ടു.ദേശീയ മിനിമം വേതന നിയമത്തിലെ വീഴ്ചയ്ക്ക് കുറവിന് 7,248 യൂറോയുമടക്കം 143,268 യൂറോ നല്‍കണമെന്നാണ് കമ്മീഷന്‍ ഉത്തരവിട്ടത്. കമ്പനി ഡയറക്ടര്‍ ഭാപ്പ സിങ്ങും അദ്ദേഹത്തിന്റെ പ്രതിനിധിയും ഈ വര്‍ഷം ജനുവരി 30മുതല്‍ ഹിയറിംഗിനെത്തിയിരുന്നില്ല.

ഓഫര്‍ കനത്തതായിരുന്നു പക്ഷേ...

മലേഷ്യയിലെ ജോലി വേണ്ടെന്നുവെച്ചാണ് ബോംബെ ഭാപ്പ ലിമിറ്റഡില്‍ ജോലി നേടി 2020ല്‍ അയര്‍ലണ്ടിലേക്ക് വന്നത്.ബോംബെ ഹൗസില്‍ കനത്ത ശമ്പളവും മികച്ച ജീവിതവുമായിരുന്നു ഓഫര്‍. എന്നാല്‍ അതൊന്നും ലഭിച്ചില്ല.മാത്രമല്ല ഭീഷണിക്കും കഷ്ടപ്പാടിനും ഒരു കുറവുമുണ്ടായില്ല.

ആഴ്ചയില്‍ 50 മണിക്കൂര്‍ ജോലിക്ക് 200 യൂറോ മാത്രമായിരുന്നു ശമ്പളം ലഭിച്ചത്. എന്നാല്‍ കമ്പനിയുടെ ഡയറക്ടര്‍ ഇവരുടെ പേരില്‍ വന്‍തുക അടിച്ചുമാറ്റി. ഇവരെ എടിഎമ്മില്‍ കൊണ്ടുവന്ന് വലിയ തുക എടുപ്പിക്കും.ഇവരുടെ ശമ്പളം നല്‍കിയ ശേഷം ബാക്കി അയാള്‍ കൈപ്പറ്റും.പണം എടുത്തുകൊടുക്കാന്‍ വിസമ്മതിച്ചതിന് 2022 നവംബറില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

2021 സെപ്തംബറിനും 2022 ഏപ്രിലിനും ഇടയില്‍ ആഴ്ചയില്‍ 200 യൂറോ വീതം നല്‍കിയത്.മെയ് 2022 മുതല്‍, ആഴ്ചയില്‍ 500 യൂറോ നല്‍കാന്‍ തുടങ്ങി.എന്നാല്‍ അതില്‍ നിന്നും 290യൂറോ സിംഗ് തിരികെ വാങ്ങി.ഫലത്തില്‍ കൗറിന് ലഭിക്കുന്നത് മണിക്കൂറിന് 4.46 യൂറോ മാത്രമായി മാറി.

തൊഴില്‍ പെര്‍മിറ്റിന് 17,000 യൂറോയാണ് കമ്പനി ഡയറക്ടര്‍ ഭാപ്പ സിംഗ് കൗറില്‍ നിന്നും വാങ്ങിയത്. പിതാവ് വായ്പയെടുത്താണ് സിംഗിന് പണം നല്‍കിയതെന്ന് കൗറിന് വേണ്ടി ഹാജരായ എം ആര്‍ സി ഐ പ്രതിനിധി സില്‍വിയ നൊവാകോവ്‌സ്‌ക കമ്മീഷനെ അറിയിച്ചു.

ജോലി സ്ഥലത്തും താമസിക്കുന്നയിടത്തും പീഡനം

ഏഴ് ജോലിക്കാര്‍ക്കൊപ്പമാണ് കൗര്‍ താമസിച്ചിരുന്നത്. സഹപ്രവര്‍ത്തകരില്‍ നിന്ന് ദിവസവും ലൈംഗിക പീഡനം നേരിടേണ്ടിവന്നു. കഠിനമായ ജോലികളാണ് ഇവര്‍ക്ക് നല്‍കിയിരുന്നത്. ദിവസവും 160 കിലോഗ്രാം ഉള്ളി അരിയേണ്ടി വന്നിരുന്നു.

തൊഴിലുടമയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു റെസ്റ്റോറന്റിലേക്ക് ചിക്കനും മറ്റും ചുമന്നു കൊണ്ടുപോകേണ്ടി വരുമായിരുന്നു.ലഞ്ച് ബ്രേക്കിന് അഞ്ച് മിനിറ്റായിരുന്നു സമയം. ഇരുന്നു കഴിക്കാന്‍ പോലും സൗകര്യമുണ്ടായിരുന്നില്ല. അടുക്കളയിലെ ബക്കറ്റിന് മുകളിലാണ് ഇരുന്നിരുന്നത്.

ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് ശേഷം 15 ദിവസത്തോളം കൗറിനെ കമ്പനിയുടെ വീട്ടില്‍ തടഞ്ഞുവെച്ചു. ഗാര്‍ഡയാണ് ഇവരെ അവിടെ നിന്നും രക്ഷപ്പെടുത്തിയത്. ഇക്കാര്യം ഗാര്‍ഡ കമ്മീഷനില്‍ സ്ഥിരീകരിച്ചു.

ചൂഷണത്തിന് കാരണം പെര്‍മിറ്റ് വ്യവസ്ഥകള്‍

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഒരു ലക്ഷത്തിലധികം വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കിയതായി മൈഗ്രന്റ്സ് റൈറ്റ്‌സ് സെന്റര്‍ അറിയിച്ചു. പെര്‍മിറ്റനുസരിച്ച് തൊഴിലുടമയ്‌ക്കൊപ്പം രണ്ട് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷമെങ്കിലും തൊഴിലാളി തുടരേണ്ടി വരുന്നു. ഇത് തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിലേക്ക് നയിക്കുന്നതായി എം ആര്‍ സി ഐ ചൂണ്ടിക്കാട്ടി.

workplace compansation
Advertisment