വേള്‍ഡ് മലയാളി കൗണ്‍സില്‍ കോര്‍ക്ക് യൂണിറ്റ് , പ്രോവിന്‍സായി പ്രഖ്യാപിച്ചു

New Update
B

കോര്‍ക്ക്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന കോര്‍ക്ക് യൂണിറ്റ്, കോര്‍ക്ക് പ്രോവിന്‍സ് ആയി പ്രഖ്യാപിച്ചു. കൗണ്‍സില്‍ മുന്‍ അയര്‍ലണ്ട് പ്രോവിന്‍സ് ചെയര്‍മാനും, ഗ്ലോബല്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറിയുമായ രാജു കുന്നക്കാട്ടാണ് ഔദ്യോഗികമായ പ്രഖ്യാപനം നടത്തിയത്.

Advertisment

യോഗത്തില്‍ ചെയര്‍മാന്‍ ജെയ്‌സണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് ലിജോ ജോസഫ്, സെക്രട്ടറി ജേക്കബ് വര്‍ഗീസ്, ട്രഷറര്‍ സിബിന്‍ കെ എബ്രഹാം തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ സമ്മേളനത്തില്‍, കേരളപ്പിറവി ആഘോഷവും മനോഹരമായി നടത്തപ്പെട്ടു. കുട്ടികളുടെ ചിത്ര രചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം രാജു കുന്നക്കാട്ട്, ഡബ്‌ളിന്‍ പ്രൊവിന്‍സ് ട്രഷറര്‍ മാത്യുസ് കുര്യാക്കോസ്, എസ്‌ക്യൂട്ടീവ് മെമ്പര്‍ സെബാസ്റ്റ്യന്‍ കുന്നുംപുറം എന്നിവര്‍ നിര്‍വഹിച്ചു. ആന്റണി പൗലോസിന്റെ നേതൃത്വത്തില്‍ കോര്‍ക്കിലെ വിവിധ കലാകാരന്‍മാര്‍ അണിനിരന്ന ‘മന്ദാരച്ചെപ്പ് ‘ എന്ന സംഗീതനിശയും വര്‍ണ്ണശബളമായി നടത്തപ്പെട്ടു.

യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ജോളി പടയാട്ടില്‍, പ്രസിഡണ്ട് ജോളി തടത്തില്‍, ട്രഷറര്‍ ഷൈബു ജോസഫ് എന്നിവര്‍ ആശംസകളും, സന്ദേശങ്ങളും അറിയിച്ചു.

2010 ല്‍ രൂപീകൃതമായ കോര്‍ക്ക് യൂണിറ്റ് നിരവധിയായ പ്രോഗ്രാമുകള്‍ നടത്തി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതായി ഗ്ലോബല്‍ ചെയര്‍മാന്‍ ഗോപാലപിള്ള, പ്രസിഡണ്ട് ജോണ്‍ മത്തായി, സെക്രട്ടറി ക്രിസ്റ്റഫര്‍ വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. ഏകദേശം അറുപതോളം രാജ്യങ്ങളിലായി 100 ല്‍ പ്പരം പ്രോവിന്‍സുകള്‍ ഉള്ള വേള്‍ഡ് മലയാളി കൗണ്‍സില്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായി അറിയപ്പെടുന്നു.

കലാ, സാംസ്‌കാരിക രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് രാജു കുന്നക്കാടിന് കോര്‍ക്ക് പ്രോവിന്‍സിന്റ സ്‌നേഹോപഹാരം സെക്രട്ടറി ജേക്കബ് വര്‍ഗീസ്, ട്രഷറര്‍ സിബിന്‍ കെ എബ്രഹാം എന്നിവര്‍ കൈമാറി.

Advertisment