ജിദ്ദ: ഹജ്ജ് താർത്ഥാടനത്തിനിടെ വിവിധയിടങ്ങളിലായി മൂന്ന് മലയാളികൾ മരണപ്പെട്ടു. രണ്ട് പേർ മക്കയിലും ഒരാൾ മദീനയിലും വെച്ചാണ് മരിച്ചത്.
മലപ്പുറം, കൂട്ടിലങ്ങാടി സ്വദേശിയും വാഴക്കാട്ടേരി മൊയ്‌തീൻ കുട്ടി - കുഞ്ഞാച്ചുമ്മ ദമ്പതികളുടെ മകനുമായ അലവിക്കുട്ടി (58) ആണ് മദീനയിൽ മരണപ്പെട്ടത്.
ഹറം ശരീഫിൽ അസർ നിസ്കാരം നിർവഹിച്ചു കൊണ്ടിരിക്കേ തളർന്ന് വീഴുകയായിരുന്നു. ഉടൻ അൽസലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഭാര്യയ്ക്കൊപ്പമായിരുന്നു അലവിക്കുട്ടി ഹജ്ജിനെത്തിയത്. ഹജ്ജ് കഴിഞ്ഞു മദീനാ സിയാറത്തിൽ ആയിരുന്നു ഇവർ.
സലിം, അമാനുള്ള, യാസീൻ, സലാമ്, ഇസ്ഹാഖ്, റിഷാദ്, മുഹമ്മദ് ഷഫീഖ് മുവാറ്റുപുഴ തുടങ്ങിയ എസ് എച്ച് ഐ, മദീനാ കെ എം സി സി വെൽഫെയർ വിങ് പ്രവർത്തകർ അനന്തര നടപടികൾക്കായി രംഗത്തുണ്ട്.
പ്രമുഖ ഗസൽ ഗായിക ഇംതിയാസ് ബീഗത്തിന്റെ പിതാവ് ഹാഷിം മൻസിൽ മുഹമ്മദ് കുഞ് എന്ന ബുഖാരി (70) ആണ് മക്കയിൽ വെച്ച് മരണപ്പെട്ട ഒരാൾ.
തിരുവനന്തപുരം, പുതുശ്ശേരി മുക്ക് സ്വദേശിയും മുഹമ്മദ് കുഞ്ഞു - സൈനബാ ബീവി ദമ്പതികളുടെ മകനുമാണ് ഇദ്ദേഹം.
ഹജ്ജ് നിർവഹിച്ചു കൊണ്ടിരിക്കേ അസുഖബാധിതനായ മുഹമ്മദ് കുഞ് കിംഗ് അബ്ദുല്ല ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്.
മരണത്തെ തുടർന്ന് ഇംതിയാസ് ബീഗം മക്കയിലെത്തിയിട്ടുണ്ട്. ഭാര്യ ഷംസാദ് ബീഗവും മക്കയിലുണ്ട്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനെത്തിയ കാസർഗോഡ് ജില്ലയിൽ നിന്നുള്ളതാണ് മക്കയിൽ വെച്ച് മരണപ്പെട്ട മറ്റൊരാൾ. ആലമ്പാടി സ്വദേശിയും അബ്ദുല്ല ഹാജി - ബീപാത്തുമ്മ ദമ്പതികളുടെ മകനുമായ റഷീദ് മൻസിലിൽ സുബൈർ അബ്ദുല്ല (50) ആണ് മരിച്ചത്.