ജിദ്ദ: ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹത്തിന്റെ ശബ്ദവും മുസ്ലിം ലീഗ് നേതാവും പ്രഗത്ഭ പാര്‍ലമെന്റേറിയനുമായ ഗുലാം മഹമ്മൂദ് ബനാത് വാലയുടെ വിയോഗ ദിനത്തില്‍ ജിദ്ധാ കെ എം സി സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമം പരേതൻ സമൂഹത്തിനും സമുദായത്തിനും നല്‍കിയ സേവനങ്ങളെ വിലയിരുത്തി.
മഹാരാഷ്ട്രയിലെ മുസ്ലിം ലീഗ് നിയമസഭാ അംഗവും വിദ്യഭ്യാസ സാമൂഹിക പ്രവര്‍ത്തകനുമായ ബനാത് വാല പ്രഗത്ഭനായ പ്രസംഗികനും എഴുത്തുകാരനും നിയമജ്ഞനുമായിരുന്നു.
അദ്ദേഹത്തിന്റെ നേതൃഗുണങ്ങള്‍ കണ്ടറിഞ്ഞ ബാഫഖി തങ്ങളും സി.എച്ച്. മുഹമ്മദ് കോയയുമാണ് ബനാത് വാലയെ കേരള രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരികയും പൊന്നാനിയില്‍ നിന്ന് ലോകസഭ അംഗമാക്കി ഇന്ത്യന്‍ പാര്‍ലിമെന്റിലേക്ക് അയക്കുകയും ചെയ്തത്.
ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രഗത്ഭനായ വക്താവായ ബനാത് വാല ദീര്‍ഘകാലം ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളുടെ മുഖ്യശബ്ദമായിരുന്നു.
ഏഴ് തവണ ലോക്സഭാ എംപിയായി, പാര്‍ലിമെന്റില്‍ വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ചുകൊണ്ടുള്ള തന്റെ പ്രസംഗങ്ങളും, ഡിബേറ്റുകളില്‍ കൃത്യമായ ഇടപെടലുകളും, ന്യൂനപക്ഷ അവകാശ സംരക്ഷണാവശ്യാര്‍ത്ഥമുള്ള സ്വകാര്യ ബില്ല് അവതരണങ്ങളും ശ്രദ്ധ നേടി , അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ പ്രത്യേകിച്ച് മുസ്ലീംകളാതി ന്യൂനപക്ഷ സമൂഹത്തിന്റെ അവകാശങ്ങളും മനുഷ്യാവകാശങ്ങളും സംബന്ധിച്ചുള്ള പ്രസംഗങ്ങള്‍ പാര്‍ലമെന്റിലെ പ്രധാന രേഖകളായി വിലമതിക്കപ്പെടുന്നു.
ഇന്ത്യയിലെ പ്രഗത്ഭരായ ചുരുക്കം ചില പാര്‌ലിമെന്ററിയന്മാരില്‍ ഒരാളായാണ് ബനാത് വാല വിലയിരുത്തപ്പെടുന്നതെന്നും അനുസ്മര സംഗമത്തിൽ സംസാരിച്ചവർ വിശേഷിപ്പിച്ചു.
അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും, സവിശേഷമായ രാഷ്ട്രീയ ധാര്‍മ്മികതയും, കലാപങ്ങളുടെ ഇരകള്‍ക്ക് വേണ്ടി നടത്തിയ ഇടപെടലുകളും എന്നും സ്മരിക്കപ്പെടുമെന്നും പ്രവര്‍ത്തകര്‍ അനുസ്മരിച്ചു.
ഇന്ത്യന്‍ ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ ബനാത്ത് വാലയുടെ സംഭാവനകള്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു.
രാജ്യത്തിന്റെ പ്രത്യേകിച്ച് മുസ്ലീംകളാതി ന്യൂനപക്ഷ സമൂഹത്തിന്റെ മാന്യമായ നിലനില്‍പ്പിനുള്ള അവകാശ സംരക്ഷണത്തിനായി പ്രധാനപ്പെട്ട വിഷയങ്ങളില്‍ അദ്ദേഹം നടത്തിയ പൊരാട്ടം ഇന്നും എക്കാലത്തെയും പ്രചോദനമായി നിലകൊള്ളുന്നു.
ശരീഅത്ത് വിഷയം, ഗുജറാത്ത് കലാപം, ഷാബാനു കേസ്, ബാബറി മസ്ജിദ് പൊളിച്ചുമാറ്റല്‍, ആരാധന പ്രൊട്ടക്ഷന്‍ ആക്ട്, വ്യക്തിനിയമം തുടങ്ങിയ പ്രധാനമായ വിഷയങ്ങളില്‍ അദ്ദേഹം ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു.
അബൂബക്കര്‍ അരിമ്പ്രയുടെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ യോഗം സി.കെ.എ റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ഇസ്മായില്‍ മുണ്ടക്കുളം, നാസര്‍ മച്ചിങ്ങല്‍, എ കെ ബാവ, ഇബ്രാഹിം കൊല്ലി, ഷൗക്കത്ത് ഞാറക്കോടന്‍, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, വഹാബ് വടകര, മൂസ പട്ടത്ത്, ആബിദ് പട്ടാമ്പി, റഹ്‌മത്തലി എരഞ്ഞിക്കല്‍, അനസ് എറണാകുളം, ഒ.പി സലാം, മുഹമ്മദലി മുസ്ലിയാര്‍, ജാഫര്‍ വെന്നിയൂര്‍, മുസ്തഫ കോഴിശ്ശേരി, ഇബ്രാഹിം ബദരി, താരീഖ് ആരാമ്പ്രം പത്ര പ്രവര്‍ത്തകരായ ജാഫറലി പാലക്കോട്, വഹീദ് സമാന്‍ എന്നിവര്‍ പ്രസംഗിച്ചു. വിപി മുസ്തഫ സ്വാഗതവും അഷ്‌റഫ് താഴെക്കോട് നന്ദിയും പറഞ്ഞു.