ജിദ്ദ: നിരോധിത ആംഫെറ്റാമൈൻ ഗുളികകളും ഹാഷിഷും രാജ്യത്തേക്ക് കടത്തിക്കൊണ്ട് വന്ന കേസിൽ പ്രതികളായ നാല് പേരെ സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേയരാക്കി.
ശിക്ഷ ലഭിച്ചവരിൽ മൂന്ന് പ്രവാസികളും ഒരു സ്വദേശിയും ഉൾപ്പെടുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വെളിപ്പെടുത്തി.
പ്രവാസികൾ മൂന്ന് പേരും ഈജിപ്ത്യൻ പൗരന്മാരാണ്.
പ്രതികൾക്കുള്ള വധശിക്ഷ ശനിയാഴ്ച വടക്കൻ പ്രവിശ്യയായ തബൂക്കിൽ വെച്ചാണ് നടപ്പിലാക്കിയത്.
ഈജിപ്തുകാർ സൗദി പൗരന് വേണ്ടിയായിരുന്നു ആംഫെറ്റാമൈൻ ഗുളികകളും ഹാഷിഷും രാജ്യത്തേക്ക് കടത്തികൊണ്ടുവന്നതെന്നു പ്രസ്താവനയിൽ വിശദീകരിച്ചു.
സുരക്ഷാ അധികാരികൾ അറസ്റ്റ് ചെയ്ത കുറ്റവാളികളെ കോടതിയിലേക്ക് റഫർ ചെയ്യുകയും അവരുടെ മേൽ ആരോപിക്കപ്പെട്ട കുറ്റം കോടതിയിൽ തെളിയുകയുമായിരുന്നു.
വധശിക്ഷയായിരുന്നു കോടതി വിധി. ഇതിനെതിരെ അപ്പീൽ പോയെങ്കിലും സുപ്രീം കോടതിയും വിധി ശരിവെച്ചതിനെത്തുടർന്ന് വിധി നടപ്പിലാക്കാൻ ശരീഅത്ത് നിയമം അനുസരിച്ച് കേസിൽ രാജകീയ ഉത്തരവ് ഇറകുകയായിരുന്നു.
മയക്കുമരുന്നിന്റെ വിപത്തിൽ നിന്ന് പൗരന്മാരുടെയും പ്രവാസികളുടെയും ജീവനും സ്വത്തും സംരക്ഷിക്കുന്നതിനും, നിരപരാധികളുടെയും യുവാക്കളുടെയും സമൂഹത്തിന്റെയും സുരക്ഷയും പരിഗണിച്ചും ഇക്കാര്യത്തിൽ ഏറ്റവും കടുത്ത ശിക്ഷയായിരിക്കും ഉണ്ടാവുകയെന്നും ആഭ്യന്തര മന്ത്രാലയ പ്രസ്താവനയിൽ ആവർത്തിച്ചു.