സൗദിയിൽ അക്രമികളുടെ വെടിയേറ്റ് മലയാളി യുവാവ് മരിച്ച സംഭവം. കാസർഗോഡ് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

താമസസസ്ഥലത്തിന് സമീപം വെച്ച് അക്രമികളുടെ വെടിയേറ്റ് വീണ ബഷീർ  ആശുപത്രിയിലേക്കുള്ള  വഴിമദ്ധ്യേ അന്ത്യശ്വാസം വലിക്കുകയായിരുന്നു.

author-image
സൌദി ഡെസ്ക്
Updated On
New Update
images(721)

ജിദ്ദ: മെയ് അന്ത്യത്തിൽ  സൗദിയിൽ വെച്ച് അക്രമികൾ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ട  മലയാളി യുവാവിന്റെ  മൃതദേഹം  ചൊവാഴ്ച  നാട്ടിലേക്ക്  കൊണ്ടുപോയി. 

Advertisment

കാസർകോട്, ബന്തടുക്ക, കരിവേടകം,  സ്വദേശിയും  എനിയാടിയിൽ  അസൈനാർ മുഹമ്മദ് - മറിയുമ്മ  ദമ്പതികളുടെ മകനുമായ  കുംബകോട് മൻസിലിൽ  എ എം  ബഷീർ (41) ആണ് വാഹനത്തിലെത്തിയ  അക്രമി സംഘത്തിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. 

ഭാര്യ:  നസ്റിൻ ബീഗം.  മക്കൾ: മറിയം ഹല, മുഹമ്മദ് ബിലാൽ.  സഹോദരങ്ങള്‍: അബൂബക്കര്‍, അസൈനാര്‍, കരീം, റസാഖ്.


ദക്ഷിണ  സൗദിയിലെ  ബീഷ നഗരത്തിന്  സമീപം റാക്കിയയിൽ  ശനിയാഴ്ച രാത്രിയായിരുന്നു പ്രവാസി സമൂഹത്തിൽ  നടുക്കമുളവാക്കിയ സംഭവം.    


താമസസസ്ഥലത്തിന് സമീപം വെച്ച് അക്രമികളുടെ വെടിയേറ്റ് വീണ ബഷീർ  ആശുപത്രിയിലേക്കുള്ള  വഴിമദ്ധ്യേ അന്ത്യശ്വാസം വലിക്കുകയായിരുന്നു. സ്വന്തം വാഹനം കഴുകുന്നതിനിടെ  മറ്റൊരു വാഹനത്തിലെത്തിയതായിരുന്നു ആക്രമി സംഘം.    

വെടിയൊച്ച  കേട്ട്   ഒന്നിച്ചു താമസിക്കുന്നവർ സ്ഥലത്തെത്തിയപ്പോൾ  രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്.   അവർ  ഉടൻ ബഷീറിനെയും കൊണ്ട്   ആശുപത്രിയിലേക്ക്  കുതിച്ചെങ്കിലും  വിധി മറ്റൊന്നായിരുന്നു. 


13 വർഷമായി ബീഷയിൽ ജോലി ചെയ്യുന്ന ബഷീർ  സംഭവത്തിന് അൽപം മുമ്പ്  സമീപത്തെ ഷോപ്പിംൽ നിന്ന്  ഭക്ഷണം വാങ്ങി  താമസസ്ഥലത്തേക്ക്  മടങ്ങിയതായിരുന്നു.  


സമീപത്തെ സി സി ടിവിയിലെ   ദൃശ്യങ്ങൾ  അടിസ്ഥാനമാക്കി സൗദി  പൊലീസ്  നടത്തുന്ന  അന്വേഷണത്തിനിടെ  ഇതുവരെയായി അക്രമി സംഘത്തിലെ നിരവധിപേർ അറസ്റ്റിലായിട്ടുണ്ട്. 

ബീഷ  കിംഗ് അബ്ദുല്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കും  ശേഷം  സൗദി വിമാനത്തിൽ ബിഷയിൽ നിന്ന്  ജിദ്ദ വഴി കരിപ്പൂരിലാണ്  എത്തിക്കുകയെന്നു  ബന്ധപ്പെട്ടവർ അറിയിച്ചു.     

മരണാനന്തര  നടപടികളിൽ  ബഷീറിന്റെ  കുടുംബം ചുമതലപ്പെടുത്തിയ   ജിദ്ദാ  കോൺസുലേറ്റിന്റെ  സി സി ഡബ്ലിയു എ മെമ്പർ അബ്ദുൽ അസീസ് പാതിപറമ്പൻ  കൊണ്ടോട്ടി,   ഹംസ കണ്ണൂർ,  ഐ സി എഫ് പ്രവർത്തകരായ  കരീം ഇബ്രാഹിം, മുജീബ് സഖാഫി തുടങ്ങിയവർ  പങ്കാളികളായി.

Advertisment