ജിദ്ദ: തീർത്ഥാടകർക്ക് തങ്ങൾ കരാറിലുള്ള സർവീസ് കമ്പനികളിൽ നിന്ന് ലഭിക്കേണ്ട അവകാശങ്ങൾ പൂർണമായി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള നടപടികൾ സൗദിയിലെ ഹജ്ജ് - ഉംറ മന്ത്രാലയം ഊർജിതമാക്കി.
ഇതിന്റെ ഭാഗമായി തീർത്ഥാടകരുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലുള്ള സേവനങ്ങളിൽ വീഴ്ച വരുത്തിയതായി ശ്രദ്ധയിൽപ്പെട്ട ഉംറ സർവീസ് സ്ഥാപനങ്ങൾക്കെതിരെ മന്ത്രാലയം നടപടികൾ തുടങ്ങി.
ഇതുപ്രകാരം, നിയമം ലംഘിച്ചതായി കണ്ടെത്തിയ ഉംറാ സേവന കമ്പനികൾക്കെതിരെ മന്ത്രാലയം നടപടികൾ ആരംഭിച്ചു.
നാല് കമ്പനികളുടെ പ്രവർത്തനങ്ങൾക്ക് താൽക്കാലികമായ പ്രവർത്തന നിരോധനം ഏർപ്പെടുത്തി. മറ്റു കമ്പനികൾക്ക് പിഴ ഈടാക്കിയിട്ടുമുണ്ട്
ലംഘനങ്ങളുടെ കടുപ്പവും ആവർത്തനങ്ങളും അടിസ്ഥാനമാക്കി പിഴ തുക വ്യത്യസ്തമായിരിക്കുമെന്നും ഇതുസംബന്ധിച്ച മന്ത്രാലയം പ്രസ്താവന വെളിപ്പെടുത്തി.
എന്നാൽ സേവനങ്ങളിൽ വീഴ്ച്ച വരുത്തിയ സ്ഥാപനങ്ങൾ സംബന്ധിച്ച വിവരങ്ങൾ മന്ത്രാലയം ഇപ്പോൾ പുറത്തുവിട്ടില്ല.
കരാറിൽ വ്യവസ്ഥ ചെയ്ത പ്രകാരമുള്ള താമസം ഏർപ്പെടുത്തുന്നതിൽ പോരായ്മ വീഴ്ചകളിൽ ഒന്നാണ്. പുണ്യ നാട്ടിൽ അല്ലാഹുവിന്റെ അതിഥികളായെത്തുന്ന തീർത്ഥാടകർക്ക് അന്തസ്സാർന്ന സേവനങ്ങൾ ഉറപ്പാക്കുകയാണ് മന്ത്രാലയം നടപടികളുടെ ലക്ഷ്യം.
തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉംറ കമ്പനികളുമായുള്ള കരാർ വ്യവസ്ഥകൾ പാലിക്കപ്പെടുന്നുവെന്ന് നിരീക്ഷിക്കുന്നതിനും മുന്തിയ പരിഗണയാണ് സൗദി ഹജ്ജ് - ഉംറ മന്ത്രാലയം നൽകിപ്പോരുന്നത്.
എല്ലാ ഉംറ കമ്പനികളും സ്ഥാപനങ്ങളും അംഗീകൃത ചട്ടങ്ങളും നിർദ്ദേശങ്ങളും പൂർണ്ണമായും പാലിക്കണമെന്നും നിർദ്ദിഷ്ട സമയക്രമങ്ങൾക്കനുസൃതമായി സേവനങ്ങൾ നൽകണമെന്നും മന്ത്രാലയം ഓർമപ്പെടുത്തി.
തീർത്ഥാടകരുടെ സൗദിയിലെ എല്ലാ ഘട്ടങ്ങളിലുമുള്ള അനുഭവങ്ങൾ മെച്ചപ്പെടുത്തുകയെന്നത് സൗദിയുടെ "വിഷൻ 2030" ന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നത് കൂടിയാണെന്നും മന്ത്രാലയം ചൂടികാട്ടി.