ജിദ്ദയിലെ "കോഴിക്കോടൻ ഫെസ്റ്റ് 2025" കലക്കിട്ടോ

കോഴിക്കോടിന്റെ തനിമയാർന്ന കലാ - സാംസ്കാരിക - സാമൂഹ്യ അടയാളങ്ങൾ നിറഞ്ഞു തുളുമ്പിയ പരിപാടി ആസ്വദിച്ച വൻ ജനാവലി പരസ്പരം ആശംസിച്ചു: "കലക്കിട്ടോ".

New Update
kozhikodan-fest

ജിദ്ദ:  ജനപങ്കാളിത്തം കൊണ്ടും  സംഘാടന മികവ്  കൊണ്ടും  ജിദ്ദയിൽ  കെ എം സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കോഴിക്കോടന്‍ ഫെസ്റ്റ് 2025 അക്ഷരാർത്ഥത്തിൽ ആഘോഷമായി.  ഫെസ്റ്റിന് എത്തിയ ആയിരങ്ങൾ നാട്ടിലെന്ന പോലെ പരിപാടികൾ ഹൃദയപൂർവം വാരിപ്പുണരുകയായിരുന്നു.  

Advertisment

കോഴിക്കോടിന്റെ  തനിമയാർന്ന കലാ - സാംസ്കാരിക - സാമൂഹ്യ  അടയാളങ്ങൾ  നിറഞ്ഞു തുളുമ്പിയ  പരിപാടി ആസ്വദിച്ച  വൻ ജനാവലി പരസ്പരം ആശംസിച്ചു:   "കലക്കിട്ടോ".

തനത് സംസ്‌കാരവും കലകളും രുചിയും പെരുമകളും  നിറഞ്ഞു തുളമ്പിയ  പരിപാടികൾ   ജിദ്ദാ  അൽമഹ്ജർ  ഖുബ്ബ ഓഡിറ്റോറിയത്തിലെ  ബാഫഖി തങ്ങള്‍ ഹാള്‍,  സി.എച്ച് മുഹമ്മദ് കോയ സാഹിബ് ഹാള്‍, മാനഞ്ചിറ മൈതാനം എന്നീ  വേദികളിലായാണ്  പൊടിപൊടിച്ചത്.

 കോഴിക്കോട് നഗരത്തിന്റെ  പര്യായങ്ങളായ  മിഠായി തെരുവും  ഹല്‍വ ബസാറും തളി ക്ഷേത്രവും സമീപങ്ങളിലെ  ബേപ്പൂർ  തീരവും  ഉരുവ്യവസായവും, നാദാപുരം പള്ളിയും  ചെങ്കടൽ മണവാട്ടിയുടെ  മണ്ണിൽ  പുനഃരാവിഷ്കരിച്ചപ്പോൾ  സ്വന്തം ജന്മനാടിന്റെ  മഹിമയിൽ  കോഴിക്കോട്ടുകാർ  "അഹങ്കാരം" കൊണ്ടു.

അല്‍മഹ്ജര്‍ ഖുബ്ബ ഓഡിറ്റോറിയത്തില്‍  വെച്ചായിരുന്നു  ജിദ്ദയിലെ മലയാളി സമൂഹത്തിന്  സംതൃപ്തിയും  ഗൃഹാതുരത്വവും  വാരിക്കോരി  സമ്മാനിച്ച  പരിപാടി.   കുടുംബങ്ങളുടെ  അഭൂതപൂർവമായ പങ്കാളിത്തവും  "കോഴിക്കോടൻ ഫെസ്റ്റ് 2025"  നെ മൊഞ്ചണിയിച്ചു. 

സൗദി നാഷണല്‍ കെ എം സി സി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. 

 നിരവധി  വര്‍ഷങ്ങള്‍  പ്രവാസിയായി  അത്യധ്വാനം ചെയ്തിട്ടും കടക്കാരനായി  മടങ്ങേണ്ട അവസ്ഥ ഉണ്ടാകരുതെന്നും  പ്രവാസ ജീവിതത്തെ   തന്റെയും കുടുംബത്തിന്റെയും ഭാവി  ഭദ്രമാക്കാനുള്ളതാക്കി  മാറ്റണമെന്നും  അദ്ദേഹം പറഞ്ഞു.  

   "പ്രവാസ ലോകത്ത്  വര്‍ധിച്ചുവരുന്ന ഹൃദ്രോഗ മരണങ്ങള്‍ നമ്മുടെ  ജീവിത ശൈലിയില്‍ ആരോഗ്യപരമായ മാറ്റം  വരുത്തുന്നതിലേക്ക്  നയിക്കണം" എന്നും അദ്ദേഹം എടുത്തുപറഞ്ഞു.

kozhi

ജില്ലാ കെ എം സി സി പ്രസിഡന്റ് ഇബ്രാഹിം കൊല്ലി അധ്യക്ഷത വഹിച്ചു.  

ജിദ്ദ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് സി കെ റസാഖ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി വി പി മുസ്തഫ, സൗദി നാഷണല്‍  സക്രട്ടറി സമദ് പട്ടനില്‍,  ജിദ്ദാ  വനിതാ വിംഗ് പ്രസിഡന്റ് മുംതാസ് ടീച്ചര്‍,  ജില്ലാ   സീനിയര്‍ വൈസ് പ്രസിഡന്റ് ടി കെ അല്‍ റബ്ദുഹിമാന്‍, വൈസ് പ്രസിഡന്റ് സൈതലവി കെ,  ഒ.ഐ.സി.സി ജനറല്‍ സിക്രട്ടറി അസ്ഹബ് വര്‍ക്കല തുടങ്ങിയവര്‍ ആശംസകള്‍  അർപ്പിച്ചു.

  ജില്ലാ ജനറല്‍ സിക്രട്ടറി സൈനുല്‍ ആബിദീന്‍ സ്വാഗതവും, ട്രഷറര്‍ അബ്ദുല്‍ സലാം ഒ പി  നന്ദിയും പറഞ്ഞു.

ഉച്ചക്ക് 3 മണി മുതല്‍ പാചക മത്സരം, മൈലാഞ്ചി, ക്വിസ്, ഡ്രോയിങ്, കളറിങ്, കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കുമായി മ്യൂസികല്‍ ചെയര്‍, ലെമണ്‍ സ്പൂണ്‍, ഫണ്‍ ഗെയിമുകള്‍, ഷൂട്ടൗട്ട്, പുരുഷന്മാര്‍ക്കായി പഞ്ച ഗുസ്തി, ജില്ലയിലെ മണ്ഡലങ്ങള്‍ തമ്മില്‍ മാറ്റുരച്ച കമ്പവലി തുടങ്ങിയവ  ആവേശം വിതറി. 

കോഴിക്കോടിന്റെ തനിമ വിളിച്ചോതുന്ന ഒപ്പനകളും, നൃത്തങ്ങളും, മലബാറിന്റെ  മഹിമ വിളിച്ചോതുന്ന കോല്‍ക്കളിയും  കോഴിക്കോടൻ ഫെസ്റ്റിനെ  കണ്ണിനും കാതിനും  മനസ്സിനും  അവിസ്മരണീയ അനുഭവങ്ങൾ  സമ്മാനിച്ചു.

oppana

പ്രമുഖ സംഗീത സംവിധായകനും, ഗായകനുമായ കൊച്ചിന്‍ ഷമീര്‍, മുംതാസ് അബ്ദുല്‍ റഹിമാന്‍, ജമാല്‍ പാഷ, കരീം മാവൂര്‍, കമറുദ്ദിന്‍, കാസിം കുറ്റ്യാടി എന്നിവർ  അണിനിരന്ന  ഗാനമേളയും  അരങ്ങേറി.

ജില്ലാ സെക്രട്ടറി നിസാര്‍ മടവൂര്‍ അവതാരകനായി.

ജിദ്ദയിലെ കോഴിക്കോട്ടുകാരായ ബിസിനസുകാരെയും ഹജ്ജ്  വേളയില്‍  ജിദ്ദാ  വിമാനത്താവളത്തിലെ  സേവനത്തിന് നേതൃത്വം നല്‍കിയ നൗഫലിനെയും പരിപാടിയിൽ വെച്ച്  ആദരിച്ചു. 

സുരക്ഷ പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ചേര്‍ത്ത കൊടുവള്ളി, ബേപ്പൂര്‍, കോഴിക്കോട് സിറ്റി കമ്മിറ്റികള്‍ക്ക് ഉപഹാരം നല്‍കി.  

ഏറ്റവും മികച്ച പവലിയനായി ബേപ്പൂരിന്റെ കടല്‍ത്തീരവും ഉരുവും തെരഞ്ഞെടുക്കപ്പെട്ടു.

2020 ൽ  അരങ്ങേറിയ "കോഴിക്കോടന്‍ ഫെസ്റ്റ്  സീസണ്‍ 1" ന്റെ  വിജയാവേശം  ഉള്‍ക്കൊണ്ട്  സംഘടിപ്പിച്ച "കോഴിക്കോടന്‍ ഫെസ്റ്റ്  സീസണ്‍ 2 (2025)"  അതിലേറെ  വിജയത്തിൽ കലാശിച്ച ആവേശത്തിലാണ് ജിദ്ദയിലെ കോഴിക്കോട് ജില്ലാ  കെ എം സി സി  ഭാരവാഹികളും പ്രവർത്തകരും.

Advertisment