/sathyam/media/media_files/2025/08/05/images1618-2025-08-05-07-43-12.jpg)
ജിദ്ദ: മനുഷ്യ സ്നേഹം അതിന്റെ സർവ ദളങ്ങളോടെയും വിരിഞ് സുഗന്ധം പരത്തിയ ഒരു സംഭവം കഴിഞ്ഞ ദിവസം സൗദിയിൽ നിന്നുണ്ടായി. ആത്മാർത്ഥ സൗഹൃദത്തിന്റെ ഹൃദയം വിതുമ്പുന്ന കഥ.
അതിങ്ങിനെ:
കഥാപുരുഷൻ ഒരു സൗദി യുവാവ്, ശാക്കിർ അൽഉതൈബി. ജീവന് തുല്യം സൗഹൃദം പങ്കിടുന്ന തന്റെ സുഹൃത്ത് വൃക്ക രോഗിയായി കഴിയുന്നു.
വർഷങ്ങളായി ഈ അസുഖം മൂലം വിഷമിക്കുന്ന സുഹൃത്തിന്റെ മുമ്പിൽ വൃക്ക മാറ്റിവെക്കൽ മാത്രം പ്രതിവിധി.
അതിനൊരു വൃക്ക കിട്ടണം. വൃക്ക മാറ്റിവെക്കാത്തതിനാൽ ആരോഗ്യം ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് വിവരം അറിഞ്ഞ യുവാവ് പിന്നെയൊന്നും ആലോചിച്ചില്ല. തന്റെ വൃക്കയെടുത്ത് അത് തന്റെ "ആജന്മ സുഹൃത്തിന്" നൽകണമെന്ന അഭ്യർത്ഥനയോടെ അദ്ദേഹം ബന്ധപ്പെട്ട ഡോക്ടറെ ചെന്ന് കണ്ടു.
അന്നേരം അദ്ദേഹം ഡോക്ടറോട് പറഞ്ഞ ഒരു നിബന്ധനയുണ്ട്. അതാണ് കഥാതന്തു. "താനാണ് വൃക്ക തന്നതെന്ന് സുഹൃത്തിനോട് പറയരുത്. വൃക്കദാതാവ് താനാണെന്ന് അവനൊരിക്കലും അറിയരുത്".
സൗഹൃദം അവശ്യ വേളയിൽ പ്രകടിപ്പിക്കാനുള്ളതാണെന്നാണ് ശാക്കിർ അൽഒതൈബി തെളിയിച്ചത്.
അൽഅറബി യ്യഃ ചാനലിന്റെ സ്വബാഹ് അൽഅറബിയ്യഃ എന്ന ഒരു പരിപാടിയിലാണ് ശാക്കിർ ഇക്കാര്യം വെളിപ്പെടുത്തിയത്.
താനാണ് ഒരു വൃക്ക തരുന്നതെന്ന് സുഹൃത്ത് അറിഞ്ഞാൽ അയാൾ അത് വാങ്ങില്ലെന്നതിനാലാണ് എല്ലാം നോർമൽ സ്ഥിയിലെത്തുന്നത് വരെ അവനെ അറിയിക്കരുതെന്ന് താൻ നിബന്ധന വെച്ചതെന്നും ശാക്കിർ തുടർന്നു.
"ദൈവാനുഗ്രഹത്താൽ, എനിക്കെന്റെ വൃക്ക കൊണ്ട് സുഹൃത്തിന് ജീവൻ നൽകാനായെന്നതിനേക്കാൾ ഇനി എനിക്കെന്ത് വേണം?": ശുദ്ധ സൗഹൃദം നനച്ച ശാക്കിറിന്റെ കണ്ണുകളിൽ ചാരിതാർഥ്യം തിളങ്ങി.
അതോടൊപ്പം, സൗദി അറേബ്യയിൽ ജീവിച്ചിരിക്കുന്നവർ നടത്തുന്ന വൃക്കദാനം വലിയ തോതിൽ ഉയർന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ കണക്ക് പ്രകാരം കഴിഞ്ഞ വര്ഷം സൗദിയിൽ ഇത്തരത്തിൽ 1284 വൃക്ക ദാനങ്ങളാണ് രേഖപ്പെടുത്തിയത്. ഇതേ 422 കരൾ ദാനവും രേഖപ്പെടുത്തയുണ്ടായി.
2023 നെ അപേക്ഷിച്ചു 2024 ൽ ജീവിച്ചിരിക്കുന്നവർ നടത്തുന്ന അവയവദാനം 4.9% കണ്ട് വർദ്ധിച്ചതായാണ് കണക്ക്.
രാജ്യാന്തര തലത്തിൽ ജീവിച്ചിരിക്കുന്നവരിലെ അവയവ ദാനത്തിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനത്താണ് സൗദി അറേബ്യ. 2024 ൽ ഇത്തരത്തിലുള്ള മൊത്തം 1706 ട്രാൻസ്പ്ലാൻറുകളാണ് ഉണ്ടായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us