ഇ അഹമ്മദ് സാഹിബ് മെമ്മോറിയൽ ടൂർണമെന്റ്: ജില്ലാ തല കിരീടം പാലക്കാട് മാറോടണച്ചു; ക്ലബ്ബ് ട്രോഫി റീം ക്ലബ്ബിന്; ജൂനിയർ വിഭാഗത്തിൽ ജേതാക്കൾ ജെ എസ് സി

ക്ലബ്ബ് വിഭാഗത്തിൽ കംഫെർട്ട് ട്രാവെൽസ് റീം ക്ലബ്ബും   ജൂനിയർ വിഭാഗത്തിൽ ജെ എസ് സി അക്കാദമിയും  ജേതാക്കളായി.

New Update
cricket akber1

ജിദ്ദ: കെ എം സി സി കായിക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജിദ്ദയിലെ  ഫുട്ബോൾ പ്രേമികളായ പ്രവാസി സമൂഹത്തിന്  അത്യാവേശം  സമ്മാനിച്ച് ആഴ്ചകളായി  ജിദ്ദ മഹ്ജർ എംപറർ സ്റ്റേഡിയത്തിൽ  നടന്നു വന്ന "ഇ അഹമ്മദ് സാഹിബ് മെമ്മോറിയൽ സൂപ്പർ സെവൻസ്"  ജില്ലാ തല ട്രോഫിയിൽ പാലക്കാട് കെ എം സി സി മുത്തമിട്ടു.  

Advertisment

ക്ലബ്ബ് വിഭാഗത്തിൽ കംഫെർട്ട് ട്രാവെൽസ് റീം ക്ലബ്ബും   ജൂനിയർ വിഭാഗത്തിൽ ജെ എസ് സി അക്കാദമിയും  ജേതാക്കളായി.

ആവേശം കൊണ്ടും ആൾപ്പെരുപ്പം കൊണ്ടും  ജിദ്ദയിലെ മഹ്ജർ  എംപവർ  സ്റ്റേഡിയം  നിറഞ്ഞു കവിഞ്ഞ  ആവേശകരമായ  ജില്ലാതല ഫൈനൽ മത്സരത്തിൽ  മുൻ ഇന്ത്യൻ താരം വി പി സുഹൈറിന്റെ നേതൃത്വത്തിലുള്ള പാലക്കാട് കെ എം സി സി ശക്തമായ പ്രകടനത്തിലൂടെ കണ്ണൂർ കെ എം സി സിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ്  പരാജയപ്പെടുത്തിയത്.  


ആക്രമിച്ചു കളിച്ച പാലക്കാട് കെ എം  സി സി എതിർ ഗോൾമുഖത്ത് നിരവധി അവസരങ്ങൾക്ക് വഴിതുറന്നു.   


കളിയുടെ പതിനഞ്ചാം മിനിറ്റിൽ ക്യാപ്റ്റൻ വി പി സുഹൈർ ആദ്യ ഗോൾ നേടി പാലക്കാടിനായി അക്കൗണ്ട് തുറന്നു.  തുടർന്ന് ഉണർന്നുകളിച്ച കണ്ണൂർ കെ എം സി സി  ഗോൾ തിരിച്ചടിക്കാൻ  നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടാകാനായില്ല.

ആദ്യപകുതിൽ ലഭിച്ച മറ്റൊരു സുവർണ്ണാവസരം അനായേസേനെ വലയിലെത്തിച്ച് സുഹൈർ തന്റെ രണ്ടാം ഗോൾ നേടി. 

രണ്ടാം പകുതിയിൽ ശക്തമായ പ്രതിരോധം തീർത്ത കണ്ണൂർ നിലയുറപ്പിച്ചെങ്കിലും പാലക്കാടിന്റെ തേരോട്ടമാണ് ഗ്രൗണ്ടിൽ അരങ്ങേറിയത്.  മനോരമായ ഒരു ഹെഡിലൂടെ വി.പി സുഹൈർ ഹാട്രിക്ക് നേടിയതോടെ മത്സരചിത്രം  ഏറെക്കുറെ പൂർണ്ണമായി.


പാലക്കാട് ജില്ലാ കെ എം സി സി  ടീം   ഈ വിജയത്തോടെ  ഇരട്ടി മധുരം നുകരുകയായിരുന്നു.   കഴിഞ്ഞ മാസം  അരങ്ങേറിയ  റിയാദ് കെ എം സി സി ടൂർണമെന്റിലും  വിജയം അവർക്കു തന്നെയായിരുന്നു. 


പാലക്കാടിന്റെ വി പി സുഹൈറിനെ (ഫോർവേഡ്) ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. ജില്ലാതല മത്സരത്തിലെ മികച്ച ഗോൾകീപ്പർ ആഷിഖ്, മികച്ച  ഡിഫെൻഡർ  സാനിഷ്  എന്നിവരും  പാലക്കാട് ടീമിന്റെ  തിളക്കം വർദ്ധിപ്പിച്ചു. 

ക്വാർട്ടർ ഫൈനലിലും, സെമിയിലും ഇരട്ട ഗോളുകൾ നേടിയ  കണ്ണൂരിന്റെ ഹാസിമാണ്  ജില്ലാതല മത്സരങ്ങളിലെ ടോപ്സ്കോറർ. ജില്ലാതല മത്സരങ്ങളിലെ ഫെയർപ്ലേ അവാർഡിന് ടീം സൗത്ത് സോണാണ്  അർഹരായത്.  


ഈ ടൂർണമെന്റിൽ ഏറ്റവും  നല്ല ആരാധകരുള്ള ടീമായ പാലക്കാട് കെ എം സി സി അവരുടെ വിജയം  ഗ്രൗണ്ടിൽ  നിറഞ്ഞാഘോഷിച്ചു. 


ക്ലബ്ബ് വിഭാഗം ചാമ്പ്യൻഷിപ്പിൽ  കംഫോർട്ട്  ട്രാവെൽസ് റീം ക്ലബ്ബ്,  ബിറ്റ്-ബോൾട്ട്  ക്ലബ്ബിനെ ഒന്നിനെതിരെ നാലുഗോളുകൾക്ക് പരാജയപ്പെടുത്തി.   സ്കോർബോർഡിലെ അക്കങ്ങൾക്കപ്പുറം ഈ ടൂർണമെന്റിലെ മനോഹരമായ ഒരു മത്സരങ്ങളിലൊന്നായിരുന്നു റീം - ബിറ്റ് ബോൾട്ട് മത്സരം. 

ആക്രമിച്ചു കളിച്ച റീം എഫ്‌സിക്കുവേണ്ടി ജിതിൻ, ഗോകുൽ, അമൽ, ജൈസൽ എന്നിവർ ഓരോ ഗോളുകൾ നേടിയപ്പോൾ, ജിബിനാണ് ബിറ്റ്ബോൾട്ടിനുവേണ്ടി ഗോൾ നേടിയത്. മികച്ച പ്രകടനം കാഴ്ചവെച്ച റീം ക്ലബ്ബ്  ജിതിൻ  ആണ്  ഫൈനൽ  മത്സരത്തിലെ മികച്ചതാരം (ഫോർവേഡ്).  ബിറ്റ് ബോൾട്ട്  ടീമിലെ  ഷിബിലിയെ ക്ലബ്ബ് വിഭാഗത്തിലെ മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുത്തു.  റീം ടീമിലെ  ഗോകുലാണ് ഏറ്റവും നല്ല ഡിഫെൻഡർ.   ബിറ്റ് ബോൾട്ട്  ടീം ക്ലബ്ബ് വിഭാഗം ഫെയർ പ്ലേ അവാർഡും നേടി. 


ജൂനിയർ വിഭാഗം മത്സരത്തിൽ ജെ എസ് സി അക്കാദമി, സോക്കർ  ക്ലബ്ബിനെ  ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി.   ബോജർ, റിസ്‌വാൻ എന്നിവർ  ജെ എസ് സിക്കു വേണ്ടി ഗോളുകൾ നേടിയപ്പോൾ സോക്കറിന്റെ ആശ്വാസ ഗോൾ  യാസീൻ നേടി. 


ജെ എസ് സിയുടെ റിസ്‌വാൻ  ആണ്  ഫൈനലിലെ മികച്ച കളിക്കാരൻ.   ജൂനിയർ വിഭാഗത്തിലെ മികച്ച ഗോൾകീപ്പറായി  ജെ എസ് സിയുടെ ഫുസൈലിനെ തിരഞ്ഞെടുത്തു. ജെ എസ് സിയുടെ മുആസാണ്  ഏറ്റവും നല്ല ജൂനിയർ ഡിഫെൻഡർ.   സോക്കർ ടീമിലെ യാസീനെ ഏറ്റവും നല്ല കളിക്കാരനായും  തിരഞ്ഞെടുത്തു.

ഫൈനൽ മൽസര ഉൽഘാടന ചടങ്ങ്  കെ എം സി സി സൗദി നാഷണൽ കമ്മിറ്റി ചെയര്മാന്  കാദർ ചെങ്കള ഉദ്ഘാടനം ചെയ്തു.  കെ എം സി സി സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ്  റസാക്ക് മാസ്റ്റർ അധ്യക്ഷത വഹിച്ചു.  ജനറൽ സെക്രട്ടറി വി പി മുസ്തഫ സ്വാഗതവും  ട്രഷറർ  വി പി അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.


ജെ എൻ എച് ചെയർമാൻ  വി പി മുഹമ്മദലി, സാലിഹ് എ ബി സി കാർഗോ, ശരീഫ് കെ എഫ് ബി, ജോയ് മൂലൻ വിജയ് മസാല, കെ എം സി സി ചെയര്മാന് ഇസ്മയിൽ മുണ്ടക്കുളം, ഹർഷാദ് അൽ വഫ  ഹൈപ്പർ മാർക്കറ്റ്, സുനീർ അർക്കാസ് എന്നിവർ ആശംസകൾ നേർന്നു.


ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ കണ്ട റീൽസിന്റെ ഉടമയായ റിസ്‌വാൻ  ഫ്രീസ്റ്റൈൽ  കളിക്കളത്തിൽ  കാഴ്ചവെച്ച വിസ്മയിപ്പിക്കുന്ന  കാൽപന്ത്  പ്രകടനങ്ങളും, കെ എം സി സി വനിത വിങ് സംഘടിപ്പിച്ച ഒപ്പനയും കാണികൾക്ക്  ഇരട്ടി  അവിസ്മരണീയമായ അനുഭവങ്ങൾ സമ്മാനിച്ചു.

കെ എം സി സി ഭാരവാഹികളായ ഷൗക്കത്ത് ഞാറക്കൊടൻ, സുബൈർ വട്ടോളി, ലത്തീഫ് മുസ്ലിയാരങ്ങാടി, ഹസ്സൻ ബത്തേരി, ശിഹാബ് താമരക്കുളം, ഇസ്ഹാഖ് പൂണ്ടോളി, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്, സിറാജ് കണ്ണവം, ഷകീർ മണ്ണാർക്കാട്, അഷ്റഫ് താഴെക്കോട്, ലത്തീഫ് വെള്ളമുണ്ട  തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം  നൽകി. 

Advertisment