/sathyam/media/media_files/2025/09/23/shorin-cup-2025-09-23-21-34-46.jpg)
ദുബായ്: ട്രഡീഷണൽ മാർഷ്യൽ ആർട്സ് ക്ലബ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കരാട്ടെ ചാമ്പ്യൻഷിപ്പ് ഷോറിൻ കായ് കപ്പ് 2025 ഒക്ടോബർ 4, 5 തിയതികളിൽ ദുബായ് മാംസാറിലുള്ള അൽ ഇത്തിഹാദ് പ്രൈവറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുമെന്ന് ഷോറിൻ കായ് കപ്പ് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
രണ്ടുദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ ജപ്പാൻ, ഓസ്ട്രേലിയ, ചിലി, ഇറാൻ, കാനഡ, ഒമാൻ, ഇന്ത്യ, നേപ്പാൾ, യുഎഇ തുടങ്ങി പത്തോളം ലോക രാജ്യങ്ങളിലെ പ്രമുഖരായ വിവിധ കരാട്ടെ മാസ്റ്റേഴ്സും മത്സരാർത്ഥികളും പങ്കെടുക്കുന്നു. ഷോറിൻ കായ് കപ്പിന്റെ മൂന്നാമത് അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിനാണ് ദുബായ് വേദിയാകുന്നത്.
ജപ്പാനിലെ ഒക്കിനാവോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കരാട്ടെ അസോസിയേഷനാണ് ഷോറിൻ കായ്. മൂന്ന് പതിറ്റാണ്ടായി ഇന്ത്യയിലും യുഎഇയിലുമായി പ്രവർത്തിച്ചു വരുന്ന കരാട്ടെ ക്ലബ്ബാണ് ട്രഡീഷണൽ മാർഷ്യൽ ആർട്സ് ക്ലബ്.
വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ട്രോഫികളും മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിവസം ജപ്പാനിലെ മുതിർന്ന കരാട്ടെ മാസ്റ്ററായ ഹാൻഷി കെഷ്യൻ കക്കിനോഹാന നേതൃത്വം നൽകുന്ന കരാട്ടെ സെമിനാറോടു കൂടിയാണ് ചാമ്പ്യൻഷിപ്പിന് തുടക്കം കുറിക്കുക.
രണ്ടാം ദിവസം ലോക രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ടൂർണമെന്റാണ് ചമ്പ്യാൻഷിപ്പിന്റെ മുഖ്യ ആകർഷണം. സമ്മാനവിതരണത്തോട് കൂടി ചാമ്പ്യൻഷിപ്പിന് പരിസമാപ്തിയാകും.
ചാമ്പ്യൻഷിപ്പിന്റെ നടത്തിപ്പിനായി ഹാൻഷി കെഷ്യൻ കക്കിനോഹാന (പ്രസിഡണ്ട്), ക്യാപ്റ്റൻ റാഷിദ് ഹസ്സൻ (ചെയർമാൻ), ഷിഹാൻ മുഹമ്മദ് ഫായിസ് (ചീഫ് ഓർഗനൈസർ), ചന്ദ്രൻ മാൻണ്ട്യൻ (ചീഫ് കോർഡിനെറ്റർ) എന്നിവരുൾപ്പെടുന്ന ഓർഗനൈസിംഗ് കമ്മിറ്റി രൂപീകരിച്ചതായി ചാമ്പ്യൻഷിപ്പിന്റെ മീഡിയ കൺവീനർ ജുബൈർ വെള്ളാടത്ത് പത്രക്കുറിപ്പിൽ അറിയിച്ചു.
മിഡിൽ ഈസ്റ്റിലെ ആയോധനാകലാ സ്നേഹികളുടെ ഭാഗത്ത് നിന്ന് വലിയ പങ്കാളിത്തമാണ് ചാപ്യൻഷിപ്പിന് പ്രതീക്ഷിക്കുന്നത്.