കരിപ്പൂർ കുതിപ്പിലേക്ക്; സൗദിയക്ക് പിന്നാലെ ആകാശ എയറും; കരിപ്പൂർ - ജിദ്ദ വിമാനം മാര്‍ച്ച് 13 മുതല്‍

New Update
karippur air

ജിദ്ദ: കരിപ്പൂർ പഴയ പ്രതാപം തിരിച്ചെടുത്തു കൊണ്ടിരിക്കുകയാണ്.   റിയാദ് - കരിപ്പൂർ സൗദിയ വിമാനത്തിന്  പിന്നാലെ ഇന്ത്യയുടെ  ആകാശ എയർ കരിപ്പൂർ - ജിദ്ദ സെക്ടറിൽ സർവീസ് പ്രഖ്യാപിച്ചു.    മാര്‍ച്ച് 13 നാണ് ആകാശയുടെ  ജിദ്ദ - കരിപ്പൂർ സർവീസ്  ആരംഭിക്കുന്നത്.   നേരിട്ടുള്ള  സർവീസാണ്രി ആകാശയുടേതും.

Advertisment

യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് പകല്‍ സമയത്താണ് വിമാനത്തിന്റെ ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന്  ആകാശയുടെ  അറിയിപ്പ്  വിവരിച്ചു.   നിർദ്ധിഷ്ട ജിദ്ദ - കരിപ്പൂർ ആകാശ എയർ ഷെഡ്യുൾ ഇപ്രകാരമാണ്:   

ജിദ്ദ - കരിപ്പൂർ:   ജിദ്ദയിൽ നിന്ന് പ്രാദേശിക സമയം  രാവിലെ 9:10 ന് പുറപ്പെട്ട്  വൈകുന്നേരം 5:30 ന് കരിപ്പൂരിലെത്തും.  കരിപ്പൂർ - ജിദ്ദ:  വൈകുന്നേരം 6:55 ന്  കരിപ്പൂരിൽ  പുറപ്പെട്ട് ജിദ്ദയിൽ പ്രാദേശിക സമയം രാത്രി 10:50 ന് എത്തും.  അത്യാധുനിക ബോയിംഗ് 737 മാക്‌സ് 8 തരം  വിമാനമാണ്  കരിപ്പൂർ - ജിദ്ദ  റൂട്ടില്‍ സര്‍വീസ് നടത്തുക.  186 സീറ്റുകളാണ്  വിമാനത്തിൽ.

കുറഞ്ഞ നിരക്കുള്ള വിമാനക്കമ്പനി എന്ന നിലയിൽ  അതിവേഗം വളരുന്ന ഇന്ത്യൻ വിമാനക്കമ്പനിയാണ്  ആകാശ എയർ.   മുംബൈ ആസ്ഥാനമാക്കി 2022 ഓഗസ്റ്റിൽ പ്രവർത്തനം ആരംഭിച്ച  ആകാശ എയർ കൂടി  കരിപ്പൂരിൽ നിന്ന്  നേരിട്ടുള്ള  സൗദി സർവീസ്  നടത്തുന്നതോടെ  മലബാറിലെ പ്രവാസികൾക്കും  ഉംറ തീര്‍ത്ഥാടകർക്കും  വലിയ ആശ്വാസമാണ്  കൈവരുന്നത്.   പ്രത്യേകിച്ചും റംസാൻ, ഈദുൽ ഫിത്വർ എന്നിവ അടുത്തുവരുന്ന സാഹചര്യത്തിൽ.  

കൂടുതൽ രാജ്യാന്തര  സർവീസുകൾ പൊതുമേഖലയിലുള്ള കരിപ്പൂർ വിമാനത്താവളത്തിൽ  നിന്ന്  ഉണ്ടാകുമെന്നും  അതിനുള്ള ബഹുതല പരിശ്രമങ്ങളിലാണ് തങ്ങളെന്നും  കരിപ്പൂരിന്റെ  വികസനത്തിൽ  അക്ഷീണം രംഗത്തുള്ള മലബാർ ഡവലപ്മെന്റ് ഫോറം പ്രവർത്തകർ പ്രത്യാശ പ്രകടിപ്പിച്ചു.

Advertisment