/sathyam/media/media_files/2025/09/09/photos251-2025-09-09-23-26-19.jpg)
കോട്ടയം: ഖത്തറിലെ ഇസ്രോയേല്‍ നടത്തിയ സ്‌ഫോടനത്തിനു പിന്നാലെ പരിഭ്രാന്തരായി ജനങ്ങള്‍. തുടര്‍ച്ചായായി ഖത്തറില്‍ അക്രമണങ്ങള്‍ നടക്കുന്നതില്‍ മലയാളികളും ആശങ്കയില്‍.
ഗസയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ടു ഖത്തര്‍ നടത്തി വന്ന ചര്‍ച്ചകള്‍ക്കിയാണെ ഇസ്രയേലിന്റെ ആക്രമണമെത്തിയത്.
ഖലീല്‍ അല്‍ ഹയ്യ ഉള്‍പ്പെടെയുള്ള ഹമാസിന്റെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം എന്നാണു പുറത്തു വരുന്ന വിവരം.
ദോഹയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ലക്ഷ്യമിട്ട ഹമാസ് നേതാക്കള്‍ വെടിനിര്‍ത്തല്‍ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
ആക്രമണം ഖത്തറിലെ വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ല. സര്‍വീസുകള്‍ സാധാരണ നിലയില്‍ നടക്കുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കുമ്പോഴും ജനങ്ങള്‍ ആശങ്കയിലാണ്.
സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍, യു.എസ് എംബസി പൗരന്മാര്‍ക്കു മുന്നറിയിപ്പു നല്‍കി. ഖത്തറിലെ യു.എസ് പൗരന്മാര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറാനാണു നിര്‍ദേശം.
ആദ്യമായാണ് ഇസ്രയേല്‍ ഖത്തറില്‍ ആക്രമണം നടത്തുന്നത്. ഖത്തറിനു പിന്തുണയുമായി ഗള്‍ഫ് രാജ്യങ്ങള്‍ രംഗത്തെത്തി.
'ദോഹയിലാണു ഹമാസിന്റെ നേതാക്കള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്. അവരെ ലക്ഷ്യമിട്ടു ഞങ്ങള്‍ ഒരു ഓപ്പറേഷന്‍ നടത്തിയിരിക്കുന്നു.
കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഉണ്ടായ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികള്‍ ആയവരെയാണു ഞങ്ങള്‍ ലക്ഷ്യമിട്ടതെന്ന ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് പുറത്തിറക്കിയ കുറിപ്പ് ഖത്തറിനെയും ഞെട്ടിച്ചു.
അതേസമയം, ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഖത്തറും രംഗത്തെത്തി. ഇസ്രയേല്‍- പലസ്തീന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ അവസാനിപ്പിച്ചതായി ഖത്തര്‍ അറിയിച്ചു.
അടിയന്തരമായ അന്വേഷണം നടത്തിവരികയാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ശക്തമാക്കിയിട്ടുണ്ടെന്നും ഖത്തര്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
'ഇത്തരം ക്രിമിനല്‍ കടന്നാക്രമണങ്ങള്‍ ഒരു കാരണവശാലും ഖത്തര്‍ അംഗീകരിക്കില്ല. ഇസ്രയേലിന്റെ ഭീരുത്വമാണു വെളിവായിരിക്കുന്നത്.
ഖത്തര്‍ പരമാധികാരത്തിനു വെല്ലുവിളി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല. വീണ്ടുവിചാരമില്ലാത്ത ഇസ്രയേലിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളോട് സഹിഷ്ണുത പുലര്‍ത്താന്‍ ഖത്തറിനാകില്ലെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചു.
തുടര്‍ച്ചയായി ഖത്തറില്‍ ഉണ്ടാകുന്ന അക്രമങ്ങളില്‍ മലയാളി പ്രവാസ സമൂഹവും ആശങ്കയിലാണ്.
കഴിഞ്ഞ തവണ യുഎസ് സൈനിക താവളം ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം മലയാളികളെയും നാട്ടിലുള്ള അവരുടെ കുടുംബങ്ങളെയും ആശങ്കയിലാക്കിയിരുന്നു.
നാലര ലക്ഷത്തിലധികം മലയാളികള്‍ ഖത്തറിലുണ്ടെന്നാണു കരുതുന്നത്. ഇവരില്‍ ഏറിയ പങ്കും മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ളവരാണ്.