കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി; നിക്ഷേപ സാധ്യതകൾ ചർച്ചയായി

ഇന്ത്യ–കുവൈത്ത് ബന്ധത്തിന്റെ ദീർഘകാലത്തെ ശക്തിയും സൗഹൃദവും ഇരുവിഭാഗവും യോഗത്തിൽ ഊന്നിപ്പറഞ്ഞു.

New Update
KUWAIT STORY

കുവൈത്ത് സിറ്റി: ദിദ്വിന സന്ദർശനത്തിനായി കുവൈത്തിലെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കുവൈത്ത് ഊഷ്മളമായി സ്വീകരിച്ചു. കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹാദ് യൂസഫ് സൗദ് അൽ സബാഹ് അൽ ബയാൻ പാലസിൽ വെച്ച് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ചർച്ചകൾ നടത്തി.

Advertisment

ഉന്നതതല യോഗം

ചർച്ചയിൽ കുവൈത്ത് ധനകാര്യ മന്ത്രിയും കുവൈത്ത് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാനുമായ ഡോ. സബീഹ് അൽ മുഖൈസീമും പങ്കെടുത്തു. 

ഇന്ത്യ–കുവൈത്ത് ബന്ധത്തിന്റെ ദീർഘകാലത്തെ ശക്തിയും സൗഹൃദവും ഇരുവിഭാഗവും യോഗത്തിൽ ഊന്നിപ്പറഞ്ഞു.

കുവൈത്തിന്റെ വികസനരംഗങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹം നൽകിയ വലിയ സംഭാവനയെ ഷെയ്ഖ് ഫഹാദ് പ്രശംസിച്ചു. കേരളീയ സമൂഹത്തെ പിന്തുണച്ച് കുവൈത്ത് ഭരണകൂടം കാഴ്ചവെക്കുന്ന സൗഹൃദത്തിനും സഹകരണത്തിനും മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി.

നിക്ഷേപ സാധ്യതകൾ

കേരളത്തിലെ നിക്ഷേപ സൗഹൃദാന്തരീക്ഷവും വികസന മേഖലകളിലെ പ്രോജക്ട് സാധ്യതകളും മുഖ്യമന്ത്രി വിശദീകരിച്ചു. നിക്ഷേപം ആകർഷിക്കുന്നതിനുള്ള അനുകൂല സാഹചര്യങ്ങൾ അദ്ദേഹം കുവൈത്ത് നേതൃത്വത്തെ അറിയിച്ചു.

ചീഫ് സെക്രട്ടറി ഡോ. ജയതിലക് ഐ.എ.എസ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

കുവൈത്ത് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുമായി ചർച്ച 

തുടർന്ന്, കുവൈത്ത് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ഡയറക്ടർ ബോർഡ് അംഗം ഷെയ്ഖ് മിഷാൽ ജാബർ അൽ അഹ്മദ് അൽ സബാഹുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

കേരളത്തിലെ നിക്ഷേപ സാധ്യതകൾ വിലയിരുത്തുന്നതിനായി കുവൈത്തിൽ നിന്നും ഒരു ഉന്നത പ്രതിനിധി സംഘം ഉടൻ തന്നെ കേരളം സന്ദർശിക്കുമെന്ന് ഷെയ്ഖ് മിഷാൽ മുഖ്യമന്ത്രിയെ അറിയിച്ചു. ഇത് കേരളത്തിലേക്ക് കൂടുതൽ കുവൈത്ത് നിക്ഷേപം എത്താൻ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

Advertisment