/sathyam/media/media_files/2026/03/01/sheikh-fahad-youssef-saud-al-sabah-2026-03-01-21-22-14.jpg)
കുവൈറ്റ് സിറ്റി: കുറച്ചു ദിവസങ്ങളായി നിലനിൽക്കുന്ന പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്ത് പരിഭ്രാന്തി പരത്തുന്ന രീതിയിലുള്ള ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും ഒഴിവാക്കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹ് പ്രവാസികളോടും സ്വദേശികളോടും അഭ്യർത്ഥിച്ചു.
ജാബർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരിക്കേറ്റവരെ സന്ദർശിച്ച ശേഷം കുവൈറ്റ് ടെലിവിഷനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തര സാഹചര്യങ്ങളെ നേരിടാൻ എല്ലാ സർക്കാർ സംവിധാനങ്ങളും സജ്ജമാണെന്നും സിവിൽ ഡിഫൻസ് യൂണിറ്റുകൾ ലഭിക്കുന്ന ഓരോ റിപ്പോർട്ടുകളിലും കൃത്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ ഭക്ഷ്യ, ജല ശേഖരത്തെക്കുറിച്ച് യാതൊരു ആശങ്കയും വേണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകി. കുവൈറ്റ് ഫ്ലവർ മിൽസ് കമ്പനിയിലും വിവിധ സഹകരണ സംഘങ്ങളിലും താൻ നേരിട്ട് സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയതായും സാധാരണ ദിവസങ്ങളേക്കാൾ കൂടുതൽ ഉൽപ്പാദനം നിലവിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കുടിവെള്ളത്തിന്റെ ലഭ്യത സാധാരണയേക്കാൾ മൂന്നിരട്ടി അധികമാണെന്നും രാജ്യത്ത് ഒരാൾ പോലും ഭക്ഷണത്തിനോ വെള്ളത്തിനോ ബുദ്ധിമുട്ടേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിലും പ്രയാസകരമായ ഘട്ടങ്ങളെ കുവൈറ്റ് മുൻപ് അതിജീവിച്ചിട്ടുണ്ടെന്ന് ഓർമ്മിപ്പിച്ച മന്ത്രി, ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും ഈ പ്രതിസന്ധി ഉടൻ മാറിപ്പോകുമെന്നും കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us