/sathyam/media/media_files/2026/03/03/img168-2026-03-03-23-25-37.png)
കുവൈത്ത് സിറ്റി: രാജ്യത്തെ അസാധാരണ സാഹചര്യങ്ങളെയും വെല്ലുവിളികളെയും നേരിടുന്നതിനായി സന്നദ്ധസേവകരെ ക്ഷണിച്ച് കുവൈത്ത് സിവിൽ ഡിഫൻസ് കമ്മിറ്റി.
"സിവിൽ ഡിഫൻസ് നിരയുടെ ഭാഗമാകൂ" എന്ന മുദ്രാവാക്യവുമായി സാമൂഹിക സേവന രംഗത്ത് സജീവമാകാൻ ആഗ്രഹിക്കുന്നവർക്കാണ് ഈ സുവർണ്ണാവസരം ഒരുക്കിയിരിക്കുന്നത്.
കുവൈത്ത് സ്വദേശികൾക്കും നിബന്ധനകൾക്ക് വിധേയമായി വിദേശികൾക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ 21 വയസ്സ് പൂർത്തിയായവരും പൂർണ്ണ ആരോഗ്യവാനുമായിരിക്കണം.
കൂടാതെ, അപേക്ഷകർക്കെതിരെ മാന്യതയ്‌ക്കോ വിശ്വാസത്തിനോ വിരുദ്ധമായ ക്രിമിനൽ പശ്ചാത്തലമോ ശിക്ഷാനടപടികളോ ഉണ്ടാകാൻ പാടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
എൻജിനീയറിങ്, ഫസ്റ്റ് എയ്ഡ്, മെക്കാനിക്സ് തുടങ്ങിയ സാങ്കേതിക വൈദഗ്ധ്യമുള്ളവർക്കും ഹെവി വാഹന ലൈസൻസ് ഉള്ളവർക്കും അപേക്ഷകളിൽ മുൻഗണന ലഭിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന സന്നദ്ധപ്രവർത്തകർക്ക് ദുരന്തബാധിതർക്ക് സഹായമെത്തിക്കുക, സർക്കാർ സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കുക, അടിയന്തര സാധനങ്ങളുടെ വിതരണം, പോലീസ് സേനയോടൊപ്പം ചേർന്ന് ദുരന്തബാധിതരെ മാറ്റിപ്പാർപ്പിക്കുക തുടങ്ങിയ നിർണ്ണായക മേഖലകളിൽ സേവനമനുഷ്ഠിക്കാൻ അവസരമുണ്ടാകും.
ഇതിനുപുറമെ തീ അണയ്ക്കുന്നതിനുള്ള പ്രത്യേക പരിശീലനം നേടാനും രക്തദാനം ഉൾപ്പെടെയുള്ള മറ്റ് സന്നദ്ധപ്രവർത്തനങ്ങളിൽ പങ്കാളികളാകാനും ഇവർക്ക് സാധിക്കും.
താൽപ്പര്യമുള്ളവർക്ക് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.moi.gov.kw വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ആവശ്യമായ രേഖകളും ഓൺലൈൻ മുഖേന തന്നെ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്കായി മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ (MOI_KUW) പരിശോധിക്കാവുന്നതോ 112 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതോ ആണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us