ആധുനികതയുടെ ചരിത്രകാരൻ ഡോ. കെ എൻ പണിക്കർക്ക് കല കുവൈറ്റിന്റെ ആദരാഞ്ജലികൾ

ജെ.എൻ.യു ഉൾപ്പെടെയുള്ള പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദീർഘകാലം അധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം, ചരിത്രകാരൻ എന്നതിലുപരി മികച്ച ഒരു സാംസ്കാരിക പ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു.

New Update
KERALA ART LOVERS ASSOSSIATION

കുവൈത്ത് സിറ്റി: ആധുനിക ഇന്ത്യയുടെ ചരിത്രരചനയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന പ്രമുഖ ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കരുടെ നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി.

Advertisment

ചരിത്രത്തെ വസ്തുനിഷ്ഠമായി സമീപിക്കുകയും ഇന്ത്യൻ മതനിരപേക്ഷതയുടെ വിട്ടുവീഴ്ചയില്ലാത്ത കാവലാളായി നിലകൊള്ളുകയും ചെയ്ത ധൈഷണികനായിരുന്നു അദ്ദേഹം. 


ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടന്നുവരവിനെയും പ്രത്യയശാസ്ത്രപരമായ കടന്നുകയറ്റങ്ങളെയും തന്റെ അറിവും ചരിത്രബോധവും ഉപയോഗിച്ച് അദ്ദേഹം ധീരമായി പ്രതിരോധിച്ചു. 


ഇതിന്റെ പേരിൽ നേരിടേണ്ടി വന്ന ഭീഷണികൾക്കോ ആക്രമണങ്ങൾക്കോ മുന്നിൽ അദ്ദേഹം ഒരിക്കലും പതറിയില്ല.

ജെ.എൻ.യു ഉൾപ്പെടെയുള്ള പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദീർഘകാലം അധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം, ചരിത്രകാരൻ എന്നതിലുപരി മികച്ച ഒരു സാംസ്കാരിക പ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു.


കേരള ചരിത്ര ഗവേഷണ കൗൺസിൽ അദ്ദേഹത്തിന്റെ തൊണ്ണൂറാം ജന്മദിനം ആഘോഷിക്കാനിരിക്കെ ഉണ്ടായ ഈ വേർപാട് സാംസ്കാരിക കേരളത്തിന് വലിയൊരു നഷ്ടമാണ്. 


ഇന്ത്യയുടെ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ അദ്ദേഹം നൽകിയ സംഭാവനകൾ വരുംതലമുറകൾക്ക് വഴികാട്ടിയാകുമെന്നും അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും കല കുവൈറ്റ് പ്രസിഡന്റ് അൻസാരി കടയ്ക്കൽ, ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് എന്നിവർ അനുശോചന കുറിപ്പിലൂടെ അറിയിച്ചു.

Advertisment