/sathyam/media/media_files/2026/03/09/iran-kuwait-2026-03-09-22-57-58.jpg)
കുവൈത്ത് സിറ്റി: ഇറാൻ തുടർച്ചയായി നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഇറാനിയൻ അംബാസഡറെ വിളിച്ചുവരുത്തി ഔദ്യോഗിക പ്രതിഷേധം അറിയിച്ചു.
ആക്ടിംഗ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അസീസ് അൽ ദീഹാനി ഇറാൻ അംബാസഡർ മുഹമ്മദ് തൗതൂഞ്ചിയെ നേരിട്ട് കണ്ടാണ് പ്രതിഷേധക്കുറിപ്പ് കൈമാറിയത്. കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങളുടെ ലംഘനവുമാണ് ഈ ആക്രമണങ്ങളെന്ന് മന്ത്രാലയം വ്യക്തമാക്കി.
പ്രധാനമായും സിവിലിയൻ കേന്ദ്രങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്നും ഇത് കുറ്റകരമായ നടപടിയാണെന്നും കുവൈത്ത് ചൂണ്ടിക്കാട്ടി.
ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിച്ച അൽ ദീഹാനി, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ യുഎൻ ചാർട്ടർ അനുസരിച്ചുള്ള സ്വയം പ്രതിരോധത്തിനുള്ള അവകാശം കുവൈത്തിനുണ്ടെന്ന് ആവർത്തിച്ചു.
ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങളുടെ സുരക്ഷ ഒന്നാണെന്നും ഏതൊരു രാജ്യത്തിനെതിരെയുള്ള നീക്കവും മേഖലയുടെ ആകെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും മന്ത്രാലയം അറിയിച്ചു.
കുവൈത്തിനെതിരെയുള്ള ഇത്തരം ശത്രുതാപരമായ നീക്കങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us