കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ 2 (ടി2) പദ്ധതി പൂർത്തീകരണ ഘട്ടത്തിലാണെന്നും, പ്രവർത്തനങ്ങൾക്കായി ഉടൻതന്നെ സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിക്ക് (ജിഎസിഎ) കൈമാറുമെന്നും റിപ്പോർട്ട്.
പൊതുമരാമത്ത് മന്ത്രാലയം തങ്ങളുടെ പദ്ധതികളുടെ മേൽനോട്ടത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നുണ്ടെന്നും, കരാറുകളിലെ എല്ലാ സൂപ്പർവൈസറി തസ്തികകളിലും പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി സഹകരിച്ച് കുവൈറ്റി പൗരന്മാരെ നിയമിച്ചതായും അറിയിച്ചു.
ആസൂത്രണ വികസന അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറിയും മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വക്താവുമായ അഹമ്മദ് അൽ-സാലിഹ് ആണ് പദ്ധതിയുടെ പുരോഗതിയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.
പദ്ധതിയുടെ പ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിക്കുന്നതിലും, നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിലും മന്ത്രി നൂറ അൽ-മിഷാൻ്റെ സജീവമായ ഇടപെടലുകൾ അദ്ദേഹം എടുത്തുപറഞ്ഞു.
വിവിധ പദ്ധതികളിലെ വിശദാംശങ്ങൾ ട്രാക്ക് ചെയ്യുന്നതിനായി മന്ത്രാലയം ഒരു ഭൗമ വിവര സംവിധാനം (ജിഐഎസ്) നടപ്പിലാക്കിയിട്ടുണ്ട്.
കൂടാതെ, കുവൈറ്റി എഞ്ചിനീയർമാരെ സൂപ്പർവൈസറി തസ്തികകളിലേക്ക് ആകർഷിക്കുന്നതിനായി ഒരു പ്രത്യേക കുവൈറ്റൈസേഷൻ യൂണിറ്റും സ്ഥാപിച്ചു. ഇതിൻ്റെ ഫലമായി നിലവിൽ പദ്ധതിയുടെ എല്ലാ സൂപ്പർവൈസർമാരും കുവൈറ്റി പൗരന്മാരാണെന്നും അധികൃതർ അറിയിച്ചു.