കുവൈറ്റ് സിറ്റി: ഇറാഖിലെ അൽ-കുത്തിലുണ്ടായ ഒരു വാണിജ്യ സ്ഥാപനത്തിലെ വൻ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 61 ആയി ഉയർന്നു.
ദുരന്തത്തിൽ 45-ൽ അധികം പേരെ രക്ഷപ്പെടുത്തിയതായി ഇറാഖ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
വ്യാഴാഴ്ചയാണ് അൽ-കുത്തിലെ ഹൈപ്പർമാർക്കറ്റ് മാളിൽ വൻ തീപിടിത്തമുണ്ടായത്.
തീ അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകളോളം പ്രയത്നിച്ചു.
നിരവധി പേർക്ക് പൊള്ളലേറ്റതായും പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് സൂചനയുണ്ട്.
ദുരന്തത്തിൽ കുവൈറ്റ് ഇറാഖിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
കുവൈറ്റ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, ദുരന്തത്തിൽ ഇറാഖിനോടും മരണപ്പെട്ടവരുടെ കുടുംബങ്ങളോടും അനുശോചനം രേഖപ്പെടുത്തി.
പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് കുവൈറ്റ് സർക്കാരും ജനങ്ങളും പ്രത്യാശ പ്രകടിപ്പിച്ചു.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായി വിശദമായ അന്വേഷണം ആരംഭിച്ചതായി ഇറാഖി അധികൃതർ അറിയിച്ചു.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.