കുവൈറ്റ് സിറ്റി: വൈദ്യുതി, ജല ബില്ലുകളിൽ തിരിമറി നടത്തി കോടികൾ തട്ടിയ കേസിൽ മൂന്ന് ഈജിപ്ഷ്യൻ പൗരന്മാർക്ക് ഏഴ് വർഷം കഠിനതടവ് വിധിച്ച് കോടതി. മിനിസ്ട്രി വാട്ടർ ആൻഡ് ഇലക്ട്രീസിറ്റി കേസുമായി ബന്ധപ്പെട്ടാണ് ഈ വിധി.
വ്യവസായിക്കു വേണ്ടി വ്യാജരേഖകൾ ചമച്ച് വൈദ്യുതി, ജല ബില്ലുകൾ വെട്ടിക്കുറയ്ക്കാൻ ഇവർ ഒത്താശ ചെയ്തുവെന്നാണ് കണ്ടെത്തൽ.
പ്രോസിക്യൂഷൻ നൽകിയ തെളിവുകൾ പ്രകാരം, പ്രതികൾ വൈദ്യുതി മീറ്ററുകളിൽ കൃത്രിമം കാണിക്കുകയും, മീറ്ററുകളുടെ റീഡിംഗിൽ മാറ്റം വരുത്തി ബില്ലുകൾ കുറയ്ക്കുകയും ചെയ്തു.
ഇതിനായി വൻ തുകകൾ കൈക്കൂലിയായി കൈപ്പറ്റിയതായും, തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പൊതുപണം തട്ടിയെടുത്തതായും കണ്ടെത്തി.
ഈജിപ്ഷ്യൻ പൗരന്മാർക്ക് എതിരെ ചുമത്തിയ കുറ്റങ്ങൾ ഗുരുതരമാണെന്നും, ഇവർ ചെയ്തത് പൊതുഖജനാവിന് വലിയ നഷ്ടമുണ്ടാക്കിയ കുറ്റകൃത്യമാണെന്നും കോടതി നിരീക്ഷിച്ചു.
നിയമലംഘനം നടത്തിയവർക്ക് മാതൃകാപരമായ ശിക്ഷ നൽകുന്നതിന്റെ ഭാഗമായാണ് ഈ വിധി.