കുവൈറ്റ് സിറ്റി: ഫിലിപ്പീൻ സ്വദേശിയായ ഗാർഹിക തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കുവൈറ്റ് ക്രിമിനൽ കോടതി ജഡ്ജി അബ്ദുൽ വഹാബ് അൽ മുഹയ്ലി കുവൈറ്റി ദമ്പതികൾക്ക് വധശിക്ഷ വിധിച്ചു.
കൊല്ലപ്പെട്ടത് ഇവരുടെ വീട്ടിൽ ജോലിക്കാരിയായി ജോലി ചെയ്തിരുന്ന ഫിലിപ്പീനോ വനിതയായിരുന്നു.
പ്രതികളായ കുവൈറ്റ് പൗരന്മാരായ ഭർത്താവിനും ഭാര്യയ്ക്കുമെതിരെ നിയമവിരുദ്ധ തടവുവെപ്പ്, വൈദ്യസഹായം നിഷേധം, ദൈനംദിന പീഡനം, ജോലി ചെയ്യാൻ ബലപരമായ നിർബന്ധം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിരുന്നു.
തൊഴിലാളിയെ അപകടകരമായ രീതിയിൽ മർദ്ദിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.
കേസ് അന്വേഷിച്ച പബ്ലിക് പ്രോസിക്യൂഷൻ, പ്രതികളെ 21 ദിവസത്തേക്ക് കസ്റ്റഡിയിൽ വിടുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഇരുവരെയും കുവൈത്തിലെ സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
പ്രതികൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് കൊലപാതകം നടത്തുകയായിരുന്നു എന്ന് തെളിഞ്ഞതായി പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
അതിനാൽ പ്രതികൾക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ ആവശ്യം ഉന്നയിച്ചു. ഈ വാദങ്ങൾ പരിഗണിച്ച കോടതി ഇരുവർക്കും വധശിക്ഷ വിധിക്കുകയായിരുന്നു.