കുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യമിട്ട് മയക്കുമരുന്ന് മാഫിയകൾ വ്യാപകമായി പ്രവർത്തിക്കുന്നുണ്ടെന്നും ഇതിനെതിരെ സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് വ്യക്തമാക്കി.
അടുത്തിടെ കുവൈത്തിൽ തുടർച്ചയായി നടന്നുവരുന്ന ഉന്നതതല ഉദ്യോഗസ്ഥരെ പുറത്താക്കൽ ഈ പോരാട്ടത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.
രാഷ്ട്രീയ നേതൃത്വത്തിന്റെ പൂർണ്ണ പിന്തുണയോടെ, മയക്കുമരുന്ന് നിയന്ത്രണ വിഭാഗത്തിലെയും കസ്റ്റംസിലെയും ഉദ്യോഗസ്ഥർ ധീരതയോടെ ലഹരിമരുന്ന് കടത്തലിനെ പ്രതിരോധിക്കുന്നുണ്ട്.
രാജ്യത്തിന്റെ സുരക്ഷയും യുവതലമുറയുടെ ഭാവിയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ. മയക്കുമരുന്ന് മാഫിയയുടെ വേരറുക്കുന്നതുവരെ പോരാട്ടം തുടരുമെന്നും, ഇതിൽ ഉൾപ്പെട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സമൂഹത്തിന്റെ സുരക്ഷയും സമാധാനവും ഉറപ്പാക്കാൻ ഈ പോരാട്ടം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വമ്പൻ മയക്കുമരുന്ന് വേട്ട; ദശലക്ഷക്കണക്കിന് ഗുളികകൾ പിടിച്ചെടുത്തു. മയക്കുമരുന്ന് മാഫിയക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി നടന്ന വൻ വേട്ടയിൽ വൻതോതിലുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്.
ഏകദേശം 30.7 കിലോഗ്രാം മരിജുവാന, ഷാബു, കറുപ്പ്, ഹെറോയിൻ തുടങ്ങിയ മാരക ലഹരിമരുന്നുകളാണ് പിടികൂടിയത്.
ഇതിന് പുറമെ 5.6 ദശലക്ഷം നിയമവിരുദ്ധ ഗുളികകളും പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ ഗുളികകൾ പ്രധാനമായും യുവതലമുറയെ ലക്ഷ്യമിട്ടാണ് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചത്.
വരും ദിവസങ്ങളിൽ മയക്കുമരുന്ന് കടത്തിനെതിരെ കൂടുതൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും, ഇതിനായി വിവിധ സുരക്ഷാ ഏജൻസികളുടെ സഹകരണത്തോടെ സംയുക്ത ഓപ്പറേഷനുകൾ നടത്തുമെന്നും മന്ത്രി സൂചന നൽകി.
കുവൈത്തിനെ ലഹരിമുക്തമാക്കുന്നതുവരെ ഈ പോരാട്ടം തുടരുമെന്ന് മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് ഉറപ്പുനൽകി.