കുവൈറ്റ് സിറ്റി: കുവൈറ്റിലെ റേഡിയോ, ടെലിവിഷൻ പരിപാടികളിൽ ജോലി ചെയ്തിരുന്ന നൂറുകണക്കിന് ഫ്രീലാൻസർമാരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും സേവനം ഇൻഫർമേഷൻ മന്ത്രാലയം അവസാനിപ്പിച്ചു. ഓഗസ്റ്റ് 1 മുതലാണ് ഈ തീരുമാനം പ്രാബല്യത്തിൽ വന്നത്.
റേഡിയോ, ടിവി പ്രോഗ്രാമുകളുടെ നിലവാരം ഉയർത്തുന്നതിനും കാര്യക്ഷമത ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ നടപടി എന്നാണ് മന്ത്രാലയം നൽകുന്ന വിശദീകരണം.
തൊഴിൽപരമായ കാര്യക്ഷമതയും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു സമഗ്ര അവലോകനത്തിന് മന്ത്രാലയം തയ്യാറെടുക്കുകയാണ്.
ഇതിന്റെ ഭാഗമായി, ഭാവിയിൽ ഫ്രീലാൻസർമാരെ നിയമിക്കുമ്പോൾ അവരുടെ പ്രൊഫഷണൽ കഴിവുകളും പ്രോഗ്രാമുകളുടെ വിജയത്തിൽ അവരുടെ പങ്ക് എത്രത്തോളമുണ്ടെന്നും കർശനമായി വിലയിരുത്തും.