കുവൈറ്റ് : കോഴിക്കോട് ജില്ലാ അസോസിയേഷൻ, കുവൈറ്റ് മെഡക്സ് കോഴിക്കോട് ഫെസ്റ്റ് 2025മെയ് 2 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണി മുതൽ അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ എം.ടി വാസുദേവൻനായർ നഗറിൽ നടക്കുകയാണ്.
കുവൈത്തിൽ താമസിക്കുന്ന കോഴിക്കോട് ജില്ലയിൽ നിന്നുള്ള പ്രവാസികൾക്കായി പ്രവർത്തിക്കുന്ന സാംസ്‌കാരിക, സാമൂഹിക സംഘടനയായ കോഴിക്കോട് ജില്ലാ അസോസിയേഷൻ. ജാതി മത രാഷ്ട്രീയ ചിന്തകൾക്ക് അപ്പുറം കോഴിക്കോട് ജില്ലയുടെ സാംസ്കാരിക മുഖമായി അസോസിയേഷൻ കഴിഞ്ഞ പതിനഞ്ച് വർഷമായി കുവൈറ്റിൽ പ്രവർത്തിച്ചു വരുന്നു.
പ്രയാസമനുഭവിക്കുന്ന നിർദ്ധനരും, നിരാലംബരുമായവർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കാരുണ്യം പദ്ധതി, അസോസിയേഷൻ രൂപീകൃതമായതു മുതൽ നാളിതുവരെ ക്യാൻസർ, വ്യക്കരോഗങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങി ഗുരുതരമായ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവരെ സഹായിച്ചുകൊണ്ടിരിക്കയാണ്.
ഇതിനോടൊപ്പം തന്നെ അസോസിയേഷൻ അംഗങ്ങളുടെ ചികിത്സാ സഹായവും കുടുംബക്ഷേമ പദ്ധതി പ്രകാരം മരണപെടുന്ന അംഗങ്ങളുടെ കുടുംബാംഗങ്ങൾക്കുള്ള സാമ്പത്തിക സഹായവും കാലതാമസം നേരിടാതെ വിതരണം ചെയ്തു വരുന്നു. കോഴിക്കോട് ജില്ലാ കേന്ദ്രമാക്കിയുള്ള ഇത്തരം ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് ഒട്ടനവധി അപേക്ഷകൾ ആണ് നമ്മുടെ മുന്നിൽ എത്താറുള്ളത്.
കോഴിക്കോടിന്റെ മതേതര പാരമ്പര്യം ഉയർത്തിപ്പിടിച്ചു കൊണ്ട് മതസൗഹാർദ്ദം
പരിപോഷിപ്പിക്കാനുതകുന്ന വിവിധ ആഘോഷങ്ങൾ അസോസിയേഷൻ സംഘടിപ്പിക്കാറുണ്ട് ഇഫ്ത്താർ സംഗമം, ഓണം ഈദ് ആഘോഷം, വിഷു ആഘോഷം,ക്രിസ്തുമസ് പുതുവത്സരാഘോഷം എന്നിവ ഇതിൽ ഉൾപെടുന്നവയാണ്. ഈ പരിപാടികളെല്ലാം തന്നെ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകാറുണ്ട്. അസോസിയേഷന്റെ കീഴിൽ മഹിളകൾക്കായി മഹിളാവേദിയും കുട്ടികൾക്കായി ബാലവേദിയും പ്രവർത്തിച്ചു വരുന്നു.
ഇത്തവണത്തെ ആഘോഷ പരിപാടികളിൽ നാട്ടിൽ നിന്ന് എട്ടോളം കലാകാരന്മാർ ആണ് കുവൈത്തിൽ എത്തുന്നത്. അക്ബർ ഖാൻ, സജിലി സലീം, സലീൽ സലീം, സമിയ , വിഷ്ണു തുടങ്ങിയ ഗായകരും പ്രശസ്ത കീബോർഡിസ്റ്റ് സുശാന്ത്, സന്തോഷ്, ബൈജു എന്നിവർ അടങ്ങുന്ന ഓർക്കസ്ട്രാ ടീമും ആണ് കോഴിക്കോട് ഫെസ്റ്റ് 2025-ന്റെ സംഗീത വിരുന്ന് നയിക്കുന്നത്. കൂടാതെ അസോസിയേഷൻ മഹിളാവേദി, ബാലവേദി ടീമുകളുടെ നൃത്താവിഷ്കാരവും അരങ്ങിലെത്തുന്നു.
ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് കുവൈറ്റ് സമൂഹത്തിൽ നിന്ന് നിർലോഭമായ സഹായ സഹകരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ ഓരോ പരിപാടികളും പ്രവാസി സമൂഹത്തിന്റെ മുന്നിലെത്തിക്കുന്ന കുവൈറ്റിലെ പത്രദൃശ്യമാധ്യമ മേഖലയിലെ പ്രവർത്തകരെ നന്ദിയോടെ ഈ വേളയിൽ സ്മരിക്കുന്നു. കോഴിക്കോട് ഫെസ്റ്റ് 2025 വൻ വിജയമാക്കുവാൻ നിങ്ങളുടെ പരിപൂർണ്ണ സഹകരണം അഭ്യർത്ഥിക്കുന്നതോടൊപ്പം എല്ലാവരെയും മംഗോ ഹൈപ്പറിന്റെ സഹകരണത്തോടെ നടത്തുന്ന മെഡക്സ് കോഴിക്കോട് ഫെസ്റ്റ്-2025 ലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
വാർത്ത സമ്മേളനത്തിൽ പങ്കെടുത്തവർ
പ്രസിഡന്റ് രാഗേഷ് പറമ്പത്, ജനറൽ സെക്രട്ടറി ഷാജി കെ.വി. ട്രഷറർ ഹനീഫ്. സി, ഫെസ്റ്റ് ജനറൽ കൺവീനർ നജീബ് പി വി, മീഡിയ സെക്രട്ടറി റഷീദ് കെ കെ, മെഡക്സ് മെഡിക്കൽ കെയർ പ്രസിഡന്റ് മുഹമ്മദാലി വി പി, മംഗോ ഹൈപ്പർ ഓപ്പറേഷൻ മാനേജർ മുഹമ്മദ് അലി, അഹ്‌മദ് അൽ മഗ്‌രിബി പെർഫ്യൂംസ് കൺട്രി മാനേജർ ഹസൻ മൻസൂർ ചൂരി, രക്ഷാധികാരി സിറാജ് എരഞ്ഞിക്കൽ, രക്ഷാധികാരി അബ്ദുൽ നജീബ്. ടി കെ, മഹിളാവേദി പ്രസിഡന്റ് ഹസീന ഷറഫ്, മഹിളാവേദി സെക്രട്ടറി രേഖ.