കുവൈറ്റ് സിറ്റി: രാജ്യം സന്ദർശിച്ച യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസിനെ കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സ്വീകരിച്ചു. ഞായറാഴ്ച ബയാൻ പാലസിൽ വച്ചായിരുന്നു സ്വീകരണം.
കൂടിക്കാഴ്ചയിൽ, യുഎൻ മേധാവിയെ കുവൈറ്റിലേക്ക് സ്വാഗതം ചെയ്തു. അദ്ദേഹത്തിൻ്റെ പിന്തുണയ്ക്കും സഹകരണത്തിനും നന്ദി അറിയിച്ചു. അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ശ്രമങ്ങൾക്കും സുപ്രധാന സേവനങ്ങൾക്കും അമീർ ഗുട്ടെറസിന് ഓർഡർ ഓഫ് കുവൈറ്റ് - റിബാൻഡ് ഓഫ് സ്പെഷ്യൽ ക്ലാസ് സമ്മാനിച്ചു.
മാനുഷിക പ്രവർത്തനങ്ങൾക്ക് കുവൈത്ത് ഭരണകൂടം എപ്പോഴും പിന്തുണ നൽകുമെന്ന് അമീർ ഗുട്ടെറസിന് ഉറപ്പ് നൽകി. കുവൈത്ത് മാനവികതയുടെയും വിവേകത്തിൻ്റെയും ഉദാരതയുടെയും പ്രതീകമാണെന്ന് യുഎൻ മേധാവി പറഞ്ഞു. തനിക്ക് നല്‍കിയ ബഹുമതിക്ക് അമീറിന് അദ്ദേഹം നന്ദിയും പറഞ്ഞു.
"ഐക്യരാഷ്ട്രസഭയുടെ പേരിൽ, പ്രത്യേകിച്ച്, ഗാസയിൽ കൊല്ലപ്പെട്ട 200-ഓളം യുഎൻ അംഗങ്ങൾക്ക് വേണ്ടി ഞാൻ ഇത് സ്വീകരിക്കാൻ ആഗ്രഹിക്കുന്നു. സമാധാനത്തിനായുള്ള കുവൈത്തിൻ്റെ ശാശ്വതമായ പ്രതിബദ്ധതയ്ക്ക് എൻ്റെ അഗാധമായ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,'' അദ്ദേഹം കൂട്ടിച്ചേർത്തു.
"ഞാൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണറായിരുന്നപ്പോൾ ആ സമയത്ത് സിറിയൻ അഭയാർത്ഥികൾക്ക് സഹായം കണ്ടെത്താൻ കഴിയാതെ ഞാൻ നിരാശനായിരുന്നത് ഒരിക്കലും മറക്കില്ല. സിറിയൻ അഭയാർത്ഥികളെ പിന്തുണയ്ക്കുന്നതിനായി 3 അന്താരാഷ്ട്ര കോൺഫറൻസുകൾ സംഘടിപ്പിച്ച വ്യക്തിയാണ് അന്തരിച്ച കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. കുവൈറ്റ് ഏറ്റവും വലിയ സംഭാവന നൽകി, ”ഗുട്ടെറസ് പറഞ്ഞു.
ജിസിസിയിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ മധ്യസ്ഥത വഹിച്ചത് കുവൈറ്റ് ആയിരുന്നുവെന്ന് താൻ എപ്പോഴും ഓർക്കുമെന്ന് ഗുട്ടെറസ് പറഞ്ഞു.