/sathyam/media/media_files/2025/07/15/arrest-2025-07-15-21-30-49.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രശസ്തമായ വ്യാപാര സമുച്ചയത്തിൽ ഓഫീസ് മുറികൾ ഒന്നിലധികം കമ്പനികൾക്ക് വ്യാജമായി വാടകയ്ക്ക് നൽകി തട്ടിപ്പ് നടത്തിയ മൂന്ന് പ്രവാസികളെ കുവൈറ്റ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു.
അറബ് പൗരന്മാരായ മൂന്നംഗ സംഘമാണ് പിടിയിലായത്. ഇവരിൽ രണ്ടുപേരെ ഹവല്ലി, സാൽമിയ എന്നിവിടങ്ങളിൽ നിന്നുള്ള താമസസ്ഥലങ്ങളിൽ നിന്നും, മൂന്നാമനെ കുവൈറ്റ് രാജ്യാന്തര വിമാനത്താവളം വഴി സ്വന്തം നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയുമാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്.
ശർഖ് മേഖലയിലെ ഒരു പ്രശസ്തമായ ടവറിൽ ഒരു നില മുഴുവൻ വാടകയ്‌ക്കെടുത്താണ് ഇവർ തട്ടിപ്പ് ആസൂത്രണം ചെയ്തത്. ലൈസൻസ് നടപടികൾക്കായി ഓഫീസ് വിലാസം ആവശ്യമുള്ള നിഷ്ക്രിയമായ (Inactive) കമ്പനികളെ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രവർത്തനം.
ഒരേ ഓഫീസ് മുറി തന്നെ പല കമ്പനികൾക്കായി 250 ദിനാർ നിരക്കിൽ ഇവർ വാടകയ്ക്ക് നൽകിയിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇവർ ഇത്തരത്തിൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരികയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ഇവരുടെ താമസസ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി വ്യാജ വാടക കരാറുകൾ പോലീസ് കണ്ടെടുത്തു. പ്രതികൾ കുറ്റം സമ്മതിച്ചതിനെ തുടർന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ഇവരെ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ ഉത്തരവിടുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us