കുവൈറ്റ്: കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ ശനിയാഴ്ച അവതരിപ്പിച്ച ബജറ്റ് പ്രഖ്യാപനം പൂർണമായും നിരാശാജനകമെന്ന് പിസിഎഫ് കുവൈറ്റ് അഭിപ്രായപ്പെട്ടു.
പ്രവാസി പുനരധിവാസം,വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിനുള്ള സംവിധാനം, പ്രവാസി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനുള്ള പരിഗണന തുടങ്ങിയ നിരന്തര ആവശ്യങ്ങൾ പോലും ബജറ്റിൽ ഉൾപ്പെടുത്താതെ പ്രവാസികളെ തീരെ പരിഗണിക്കാത്ത ബഡ്ജറ്റ് ആണ് ഇത്തവണയും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന്പിസിഎഫ് കുവൈറ്റ് കുറ്റപ്പെടുത്തി.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തുപകരുന്ന പ്രവാസി ഇന്ത്യക്കാരോടുള്ള നിഷേധാത്മക നയമായിരുന്നു ഏറ്റവും പുതിയ ബജറ്റ്. പ്രവാസി ക്ഷേമത്തിന് പുതിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. ഇന്ത്യയുടെ, വിശിഷ്യാ കേരളത്തിന്റെ സാമ്പത്തിക സ്രോതസിന്റെ മുഖ്യ പങ്കുവഹിക്കുന്ന പ്രവാസികളെ അപ്പാടെ മറന്നു കൊണ്ടാണ് സമീപകാല കേന്ദ്ര ബജറ്റുകൾ പോലെ തന്നെ ഇത്തവണയും കേന്ദ്രം ബജറ്റ് അവതരിപ്പിച്ചത്.
തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികള്‍ക്കായി പുനരധിവാസ പാക്കേജുകളോ ക്ഷേമ പദ്ധതികളോ ഒന്നുംതന്നെ ബജറ്റില്‍ വകയിരുത്തിയിട്ടില്ല.
പ്രവാസികളെ അവഗണിച്ച കേന്ദ്ര സർക്കാർ ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നു പിസിഎഫ് കുവൈറ്റ് കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.