/sathyam/media/media_files/2025/09/12/09ad10c6-3d58-4713-bc24-9767b0c269e4-2025-09-12-16-56-45.jpg)
കുവൈത്ത് സിറ്റി: മിഷ്റഫിലെ ഒരു വീട് വ്യാജ ഭക്ഷ്യവസ്തുക്കൾ നിർമ്മിക്കുന്ന കേന്ദ്രമാക്കി മാറ്റിയ രണ്ട് പേരെ കുവൈത്ത് ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. സിറിയൻ പൗരനും ഇന്ത്യക്കാരനുമാണ് പിടിയിലായത്.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. ഇവർ വീടിനുള്ളിൽ എണ്ണകളും മറ്റ് രാസവസ്തുക്കളും ചേർത്ത് വ്യാജ നെയ്യ് ഉണ്ടാക്കുകയും, ഇറക്കുമതി ചെയ്ത ഉൽപ്പന്നങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിപണനം ചെയ്യുകയുമായിരുന്നു.
ഫുഡ് അതോറിറ്റിയുടെയും കുവൈത്ത് മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ നടത്തിയ റെയ്ഡിൽ, വ്യാജനിർമ്മാണ കേന്ദ്രവും ആവശ്യമായ ഉപകരണങ്ങളും അധികൃതർ പിടിച്ചെടുത്തു.
ലൈസൻസില്ലാതെ പ്രവർത്തിക്കുക, മോശം ശുചിത്വം, അനധികൃതമായി ഉൽപ്പന്നങ്ങൾ വീണ്ടും പാക്ക് ചെയ്യുക തുടങ്ങിയ ഗുരുതര നിയമലംഘനങ്ങളാണ് ഇവിടെ കണ്ടെത്തിയത്. കൂടാതെ, താമസസ്ഥലം വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിന് മുനിസിപ്പാലിറ്റിയും കേസ് രജിസ്റ്റർ ചെയ്തു.
ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഭക്ഷ്യവസ്തുക്കളിലെ തട്ടിപ്പുകൾ തടയുന്നതിനും അധികൃതർ പ്രതിജ്ഞാബദ്ധരാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.