/sathyam/media/media_files/2025/09/19/b1dd07bd-e026-43e3-bfb0-2e409e60dd02-2025-09-19-23-37-01.jpg)
കുവൈത്ത്: കേരള നിയമസഭയുടെ മുൻ സ്പീക്കർ കെ.എം സീതി സാഹിബിന്റെ പേരിലുള്ള രണ്ടാമത് അവാർഡുകൾ പ്രഖ്യാപിച്ചു. കുവൈത്ത് കെ.എം.സി.സി തൃശ്ശൂർ ജില്ലാ കമ്മിറ്റിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
ആരോഗ്യ മേഖലയിൽ കുവൈത്തി പൗരനായ ഡോ: മുസ്തഫ സയ്യിദ് അഹ്മദ് അൽ മൗസവി അവാർഡിന് അർഹനായി. ജീവകാരുണ്യ മേഖലയിൽ ഡോ. ബോബി ചെമ്മണ്ണൂരിനും ബിസിനസ് മേഖലയിൽ പ്രമുഖ പ്രവാസി മലയാളി സിഷോർ മുഹമ്മദ് അലിക്കും അവാർഡുകൾ ലഭിച്ചു.
മൂന്നര പതിറ്റാണ്ടായി ഖത്തറിൽ വ്യാപാര പ്രവർത്തനം നടത്തുന്ന സിഷോർ മുഹമ്മദ് അലിയുടെ സത്യ സന്ധതയും സഹജീവി സ്നേഹവും മാതൃകാപരമാണെന്ന് ജൂറി വിലയിരുത്തി.
അവയവ മാറ്റിവയ്ക്കൽ കേന്ദ്രത്തിന്റെ ചെയർമാനായ ഡോ: മുസ്തഫ സയ്യിദ് കുവൈത്തിലെ അറിയപ്പെടുന്ന ആരോഗ്യ പ്രവർത്തകനാണ്.
സൗദി ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി യാചകയാത്ര നടത്തിയതടക്കമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഡോ. ബോബി ചെമ്മണ്ണൂരിന് അവാർഡ് നേടിക്കൊടുത്തത്.
ഒക്ടോബര്‍ മൂന്നിന് നടക്കുന്ന കുവൈത്ത് കെ.എം.സി.സി തൃശൂര്‍ ജില്ല സമ്മേളനത്തിൽ പാണക്കാട് സയ്യിദ് മുനവ്വർ അലി തങ്ങൾ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് കുവൈത്ത് കെ.എം.സി.സി തൃശൂർ ജില്ലാ പ്രസിഡന്റ് ഹബീബുള്ള മുറ്റിച്ചൂർ, ജനറൽ സെക്രട്ടറി മുഹമ്മദലി ചെറുതുരുത്തി, ട്രഷറർ അസീസ് പാടൂർ എന്നിവർ വർത്താകുറിപ്പിൽ അറിയിച്ചു.