കുവൈറ്റിൽ അന്താരാഷ്ട്ര ഓൺലൈൻ ചൂതാട്ട, കള്ളപ്പണ ശൃംഖലയെ തകർത്ത് ആഭ്യന്തര മന്ത്രാലയം; ഏഴ് പേർ അറസ്റ്റിൽ

New Update
arrest

കുവൈത്ത് സിറ്റി: ഓൺലൈൻ ചൂതാട്ട പ്രവർത്തനങ്ങളും കള്ളപ്പണം വെളുപ്പിക്കലും നടത്തിവന്ന ഒരു അന്താരാഷ്ട്ര ശൃംഖലയെ തകർത്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ അന്വേഷണത്തിനൊടുവിൽ ഏഴ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Advertisment

സോഷ്യൽ മീഡിയ വഴിയുള്ള ഇവരുടെ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രഹസ്യാന്വേഷണ വിഭാഗം നടത്തിയ നീക്കമാണ് അറസ്റ്റിലേക്ക് നയിച്ചത്. ഈ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നേരിട്ട് ബന്ധമുള്ള ആറ് ഈജിപ്ഷ്യൻ പൗരന്മാരെയും ഒരു സിറിയൻ പൗരനെയും പ്രത്യേക സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

ജനറൽ ട്രേഡിങ് സ്ഥാപനങ്ങൾ, ഡെലിവറി സർവീസുകൾ, ഹെൽത്ത് സലൂണുകൾ, റീട്ടെയിൽ കടകൾ തുടങ്ങിയ വിവിധ കമ്പനികളുടെ മറവിലാണ് ഇവർ പ്രവർത്തിച്ചിരുന്നത്. തുർക്കിയിലുള്ള ഒരാൾ വഴിയാണ് ഇവർക്ക് വിദേശത്ത് നിന്ന് പണം എത്തിച്ചിരുന്നത്. ഓരോ തവണയും 25,000 കുവൈത്തി ദിനാറിൽ താഴെ തുകകളായാണ് പണം കൈമാറിയിരുന്നത്. പിന്നീട് ഈ പണം അനധികൃതമായി വിതരണം ചെയ്യുകയായിരുന്നു. റെയ്ഡിൽ 153,837.25 കുവൈത്തി ദിനാർ പിടിച്ചെടുത്തു.

അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത പണവും മറ്റു തെളിവുകളും തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Advertisment