/sathyam/media/media_files/2025/09/24/e3071b5b-b62e-4fc6-9ee4-5b2d0d69a42f-2025-09-24-16-40-35.jpg)
കുവൈറ്റ് സിറ്റി : പ്രവാസി വിദ്യാർത്ഥിയുടെ സർട്ടിഫിക്കറ്റുകൾ തിരികെനൽകണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവ്. കുവൈറ്റ് പ്രവാസിയായ ജേക്കബ് വർഗീസ് മുല്ലൻപാറക്കൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വികാസ് മഹാജൻ ഉത്തരവിട്ടത്.
നഴ്സിംഗ് പഠനത്തിനുശേഷം പോസ്റ്റ് ബിഎസ്സി പഠനത്തിനായി ബംഗളൂരുവിലുള്ള ഡിയാന കോളേജ് ഓഫ് നഴ്സിങ്ങിൽ ചേർന്ന ജേക്കബ് 2021 ൽ ജോയിൻ ചെയ്ത സമയത്ത് മുഴുവൻ ഒറിജിനൽ സർട്ടിഫിക്കറ്റുകളും നൽകിയിരുന്നു.
എന്നാൽ ഏതാനും ദിവസങ്ങൾക്കകം പഠനം അവസാനിപ്പിച്ച ജേക്കബ് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ടപ്പോൾ രണ്ടുവർഷത്തെ മുഴുവൻ ഫീസും നൽകിയെങ്കിൽ മാത്രമേ സർട്ടിഫിക്കറ്റുകൾ തിരികെ നൽകൂ എന്ന കോളേജിന്റെ നിലപാടാണ് ഡൽഹി ഹൈകോടതിൽ ചോദ്യം ചെയ്യപ്പെട്ടത്.
ഏതാനും വർഷങ്ങളായി കുവൈറ്റിൽ ജോലിചെയ്യുന്ന പ്രവാസിയുടെ ബലഹീനത മുതലെടുത്തുകൊണ്ടു ലക്ഷങ്ങൾ മുടക്കിയാലേ സർട്ടിഫിക്കറ്റുകൾ നൽകൂ എന്ന സാഹചര്യത്തിൽ, വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് ജേക്കബ് പ്രവാസി ലീഗൽ സെല്ലിനെ സമീപിക്കുകയായിരുന്നു.
ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി യുജിസി യോട് ഇക്കാര്യത്തിൽ കോളേജിനെതിരെ ഉചിതമായ നടപടിയെടുക്കണം എന്ന ആവശ്യത്തിൽ തീരുമാനമെടുക്കാനും യുജിസിക്ക് നിർദേശവും നൽകി. അഡ്വ. ജോസ് എബ്രഹാം, അഡ്വ. ബേസിൽ ജെയ്സൺ എന്നിവർ ഹർജിക്കാരനായി ഹൈക്കോടതിയിൽ ഹാജരായി.
നഴ്സുമാരുടെ ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈക്കോടതിയിൽ നിന്നും സുപ്രീം കോടതിയിൽ നിന്നും ഉത്തരവുകൾ നേടിയിരുന്നു.
എങ്കിലും പല തരത്തിലും ബോണ്ട് സമ്പ്രദായം ഇപ്പോഴും നിലനിൽകുന്നതായും ഇത്തരം സാഹചര്യത്തിൽ പ്രവാസി ലീഗൽ സെൽ നേടിയെടുത്ത വിധിയുടെ ആനുകൂല്യം ഇത്തരം പ്രശ്നമുള്ളവർക്കു പ്രയോജനകരമാണെന്നും പ്രവാസി ലീഗൽ സെൽ വക്താവ് സുധീർ തിരു നിലത്ത്, കൺട്രിഹെഡ് ബാബു ഫ്രാൻസീസ് , ചാപ്റ്റർ പ്രസിഡൻ്റ് ബിജു സ്റ്റീഫൻ , ജനറൽ സെക്രട്ടറി ഷൈജിത്ത് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.