/sathyam/media/media_files/2025/09/25/kuwait-customs-2025-09-25-17-58-08.webp)
കുവൈത്ത് സിറ്റി: രാജ്യത്തേക്ക് മദ്യം കടത്താനുള്ള വൻ ശ്രമം കുവൈത്ത് കസ്റ്റംസ് വിഫലമാക്കി. ഷുവൈഖ് തുറമുഖത്ത് ഒരു യൂറോപ്യൻ രാജ്യത്തുനിന്നും എത്തിയ 3037 മദ്യക്കുപ്പികളാണ് പിടികൂടിയത്. കോൺക്രീറ്റ് കേബിളുകൾ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യശേഖരം.
ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് യൂസഫ് അൽ-സബാഹിന്റെ നിർദ്ദേശപ്രകാരം കള്ളക്കടത്ത് ശ്രമങ്ങൾക്കെതിരെ കസ്റ്റംസ് നിരീക്ഷണം ശക്തമാക്കിയതിന് പിന്നാലെയാണ് നിർണായകമായ ഈ മദ്യവേട്ട.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കസ്റ്റംസ് ജനറൽ ഡയറക്ടറേറ്റിലെ ഇൻവെസ്റ്റിഗേഷൻ ആൻഡ് കസ്റ്റംസ് ട്രാൻസിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്.
യൂറോപ്യൻ രാജ്യത്തുനിന്ന് എത്തിയ 20 അടി കണ്ടെയ്‌നറിലാണ് മദ്യക്കുപ്പികൾ വിദഗ്ദ്ധമായി ഒളിപ്പിച്ചിരുന്നത്. കള്ളക്കടത്ത് ശ്രമങ്ങളെ വഴിതെറ്റിക്കാനായി കോൺക്രീറ്റ് പാളികൾക്കുള്ളിൽ മദ്യം ഒളിപ്പിച്ച നിലയിലായിരുന്നു.
ഫയർഫോഴ്‌സിന്റെ സഹായത്തോടെ നടത്തിയ സമഗ്രമായ പരിശോധനയിലാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത്. പിടിച്ചെടുത്ത മദ്യം കൃത്യമായി രേഖപ്പെടുത്തുകയും, തുടർ നടപടികൾക്കായി മദ്യം മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കൈമാറുകയും ചെയ്തു