/sathyam/media/media_files/2025/10/02/1000279097-2025-10-02-14-57-00.jpg)
കുവൈത്ത് സിറ്റി : മുനിസിപ്പാലിറ്റിയും ഹൗസിംഗ് സ്റ്റേറ്റ് മന്ത്രി അബ്ദുൽലതീഫ് അൽ-മെശാരി ബുധനാഴ്ച പുതുക്കിപ്പണിത ശുവൈഖ് ബീച്ച് ഉദ്ഘാടനം ചെയ്തു. പദ്ധതിയെ പിന്തുണച്ച നാഷണൽ ബാങ്ക് ഓഫ് കുവൈറ്റിനോട് മന്ത്രി നന്ദി രേഖപ്പെടുത്തി.
പുതിയ ബീച്ചിന്റെ ഉദ്ഘാടനത്തോടെ തീരപ്രദേശങ്ങളുടെ നവീകരണത്തിന് തുടക്കമായതായും സുലൈബിഖാത്ത്, ജഹ്റ തുടങ്ങിയിടങ്ങളിലും സമാന പദ്ധതികൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. സൗത്ത് സാദ് അൽ-അബ്ദുല്ലാഹ് ഹൗസിംഗ് പദ്ധതി 15 ശതമാനം പൂർത്തിയായിട്ടുണ്ടെന്നും 2028 ഓടെ ഭൂമി കൈമാറാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്യാപിറ്റൽ ഗവർണർ ഷെയ്ഖ് അബ്ദുള്ള സാലിം അൽ-അലി അൽ-സബാഹ് പദ്ധതി കുവൈത്തിലെ ആധുനികവും സമഗ്രവുമായ പൊതു ഇടങ്ങളുടെ വികസന പ്രതിബദ്ധത തെളിയിക്കുന്നതാണെന്ന് പറഞ്ഞു.
കുവൈത്ത് മുനിസിപ്പാലിറ്റിയുടെ മൈസ ബുഷൈഹ്റി പദ്ധതി സുസ്ഥിരതയ്ക്കു മുൻതൂക്കം നൽകിയിട്ടുണ്ടെന്നും റീസൈക്കിൾഡ് ജോഗിംഗ് ട്രാക്കുകളും വീൽചെയർ സൗഹൃദ പാതകളും കുട്ടികൾക്കും മുതിർന്നവർക്കും വിനോദ വ്യായമത്തിനും അനുയോജ്യമായ എല്ലാ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.