/sathyam/media/media_files/2025/10/11/f4da7463-daa2-4d2f-99e1-31c67bfe3e67-2025-10-11-17-00-26.jpg)
കുവൈത്ത്: അബ്ബാസിയ സെന്റ് ഡാനിയേൽ കംബോണി ഇടവകയിൽ മാതാവിന്റെ രൂപം വഹിച്ചുകൊണ്ടുള്ള ജപമാല റാലിയും ഓണാഘോഷവും ആവേശത്തോടെ നടന്നു.
വികാരി ഫാദർ സോജൻ പോളിന്റെ നേതൃത്വത്തിൽ നടന്ന റാലിയിൽ സോൺ 2 ലെ ആറു കുടുംബ യൂണിറ്റുകളിലെ ലീഡർമാരും കമ്മിറ്റി അംഗങ്ങളും കുടുംബാഗങ്ങളും പങ്കെടുത്തു. ജപമാല പ്രാർത്ഥന കൾച്ചറൽ കൺവീനർ ബിനോയ് ജോസഫ് നയിച്ചു.
തുടർന്ന് ആർട്സ് ആൻഡ് സ്പോർട്സ് കൺവീനർ സാബു തോമസിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും ദമ്പതികൾക്കുമായി വിവിധ മത്സരങ്ങൾ നടന്നു. ആവേശം നിറഞ്ഞ വടംവലി മത്സരത്തിൽ കുട്ടികളും സ്ത്രീകളും പുരുഷന്മാരും ഉത്സാഹത്തോടെ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
പൊതുയോഗത്തിൽ സോണൽ സെക്രട്ടറി ടോബി മാത്യു സ്വാഗതം നേർന്നു. പ്രോഗ്രാം കൺവീനർ സിറിൽ ജോൺ ഓണാശംസ അറിയിച്ചു. സോണൽ കൺവീനർ ബേബി ജോൺ ജപമാലയുടെ പ്രാധാന്യവും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ അവലോകനവും കുടുംബ ഐക്യത്തിന്റെ ആവശ്യകതയും പ്രാമുഖ്യപ്പെടുത്തി.
യോഗത്തിൽ എസ്.എം.സി.എ പ്രസിഡന്റ് ആന്റണി മനോജ്, ജനറൽ സെക്രട്ടറി ബോബിൻ ജോർജ്, സെൻട്രൽ ട്രഷറർ സോണി മാത്യു, അബ്ബാസിയ ഏരിയ കൺവീനർ ബൈജു ജോസഫ്, സെക്രട്ടറി സന്തോഷ് ഓഡേറ്റി, ട്രഷറർ അനീഷ് ഫിലിപ്പ്, വനിതാ വിഭാഗം പ്രസിഡന്റ് റിൻസി ടീച്ചർ, മതബോധന കേന്ദ്രം പ്രധാന അധ്യാപകൻ സിറിൽ സാർ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. പങ്കെടുത്തവർക്കും പ്രസംഗിച്ചവർക്കും സോണൽ ട്രഷറർ ഡേവിഡ് ആന്റണി നന്ദി രേഖപ്പെടുത്തി.
തുടർന്ന് കുട്ടികളും മുതിർന്നവരും ചേർന്ന് മാവേലിയെഴുന്നെള്ളം നടത്തി. മാവേലിയോടൊപ്പം പുലിക്കുട്ടികളും വേട്ടക്കാരനും എത്തിയപ്പോൾ കാണികൾ ആവേശഭരിതരായി. "ഒരു മാസം ആയി കുവൈറ്റിൽ എത്തിയെങ്കിലും ആഘോഷ പെരുമഴ മൂലം തിരിച്ചു പോകാനായില്ല" എന്ന തമാശാ സന്ദേശം മാവേലി തന്റെ പ്രസംഗത്തിൽ പങ്കുവെച്ചു.
‘ഓണ നിലാവ്’ എന്ന പേരിനനുസരിച്ച സായംസന്ധ്യാ കലാപരിപാടികൾ നിറഞ്ഞ ആവേശം പകർന്നു. വനിതാ രത്നങ്ങളുടെ തിരുവാതിര, ഗ്രൂപ്പ് ഡാൻസ്, സിംഗിൾ ഡാൻസ്, കുട്ടികളുടെ നൃത്തങ്ങൾ, പുരുഷന്മാരുടെ നാടൻ വഞ്ചിപ്പാട്ട്, ‘പുരുഷ കേസരികൾ’ അവതരിപ്പിച്ച തിരുവാതിര തുടങ്ങി നിരവധി പരിപാടികൾ അരങ്ങു തകർത്തു.
സ്റ്റേജ് ക്രമീകരണം അനീഷ് അഗസ്റ്റിൻ, പത്രോസ് ചെങ്ങിനിയാടൻ, ജിമ്മി ആന്റണി എന്നിവർ ഏകോപിച്ചു. രുചികരമായ ഭക്ഷണം ജോഫിയുടെയും സജി ജോർജിന്റെയും നേതൃത്വത്തിൽ ഒരുക്കി. ആർട്സ് പ്രോഗ്രാമുകളിൽ പങ്കെടുത്തവർക്ക് നന്ദി ആർട്സ് കൺവീനർ സാബു തോമസ് അറിയിച്ചു. പ്രാർത്ഥനയോടെ ഓണാഘോഷം സമാപിച്ചു.