നോർക്ക കെയർ: ആശങ്കകൾ പരിഹരിക്കണം - പ്രവാസി വെൽഫെയർ കുവൈത്ത്

New Update
823aa209-68b4-436e-a7d7-071a9094b1d1 (2)

കുവൈറ്റ്: പ്രവാസികൾക്കായി നോർക്ക റൂട്ട്സ് ആരംഭിച്ച നോർക്ക കെയർ ആരോ​ഗ്യ ഇൻഷൂറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ആശങ്കകൾ പരിഹരിക്കണമെന്ന് പ്രവാസി വെൽഫെയർ കുവൈത്ത് ആവശ്യപ്പെട്ടു. 

Advertisment

താരതമ്യേന കുറഞ്ഞ പ്രീമിയത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് പ്രവാസികളിൽ നിന്ന് വലിയ സ്വീകാര്യത ലഭിക്കുന്നുവെന്നാണ് നോർക്ക അറിയിക്കുന്നത്. എന്നാൽ ദീർഘകാലം പ്രവാസികളായി നാട്ടിൽ തിരിച്ചെത്തിയവർക്ക് ഈ പദ്ധതിയിൽ അം​ഗമാൻ സാധിക്കുന്നില്ല. പ്രവാസികളുടെ മാതാപിതാക്കളെകൂടി പദ്ധതിയിൽ അം​ഗമാക്കാൻ ആവശ്യം ഉയർന്നെങ്കിലും ഇതുവരെ പരി​ഗണിച്ചിട്ടില്ല. ​

വിദേശ രാജ്യങ്ങളിലെ ആശുപത്രികളൊന്നും പദ്ധതിയുടെ ഭാ​ഗമല്ല എന്നതിനാൽ ചികിൽസക്കായി നാട്ടിലേക്ക് യാത്ര ചെയ്യേണ്ടി വരും. പദ്ധതിയിൽ അം​ഗമായ  വ്യക്തി അടിയന്തിര സാ​ഹചര്യത്തിൽ വിദേശ ഹോസ്പിറ്റലുകളിൽ ചികിൽസ തേടിയാൽ ബില്ലുകൾ സബ്മിറ്റ് ചെയ്ത് നോർക്ക കെയറിൽ നിന്ന് തിരികെ പണം ലഭിക്കുന്നതിനും നിലവിൽ അം​ഗീകാരമില്ല. കുടുംബമായി വിദേശരാജ്യങ്ങളിൽ താമസിക്കുന്നവർക്ക് ഈ പദ്ധതികൊണ്ട് വലിയ പ്രയോജനമില്ല എന്നതു വസ്തുതയാണ്.

നോർക്ക കെയർ സോഫ്റ്റ് വെയറിന്റെ സാങ്കേതിക പ്രശ്നങ്ങളെ കുറിച്ച് നിരവധി പരാതികൾ ഉയർന്നു വരുന്നുണ്ട്. പണമടച്ച് രജിസ്റ്റർ ചെയ്ത പലർക്കും ഇതുവരെ ഇൻഷൂറൻസ് പോളിസി ഐഡി കാർഡ് ലഭ്യമായിട്ടില്ല.

കുടുംബത്തെ ഒരുമിച്ച് രജിസ്റ്റർ ചെയ്തവരിൽ ചിലർക്ക് ചില കുടുംബാം​ഗങ്ങളുടെ പേരുകൾ ലിസ്റ്റിൽ വരുന്നില്ല. കൂടാതെ പോളിസി ഡോക്യുമെന്റിൽ ജനനതിയ്യതി ഉൾപ്പെടെ തെറ്റായി പ്രിന്റ് വന്നിട്ടുണ്ട്.

പരാതികൾ നൽകിയിട്ടും സമയബന്ധിതമായി മറുപടി ലഭിക്കുന്നില്ല. പ്രവാസികളുടെ ആശങ്കകൾ മുഖവിലക്കെടുക്കുകയും മുഴുവൻ പ്രവാസികൾക്കും മുൻപ്രവാസികൾക്കും കൂടുതൽ ​ഗുണകരമാകുന്ന തരത്തിൽ പദ്ധതിയെ പരിഷ്ക്കരിക്കണമെന്നും പ്രവാസി വെൽഫെയർ കുവൈത്ത് ആവശ്യപ്പെട്ടു.

Advertisment