/sathyam/media/media_files/2025/10/28/723ad237-800e-4b42-b018-a6b143f75f0c-2025-10-28-22-25-59.jpg)
കുവൈറ്റ് സിറ്റി:സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേശവുമായി കുവൈത്തിലെ മലപ്പുറം ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ മലപ്പുറം ജില്ലാ അസോസിയേഷൻ ഓഫ് കുവൈറ്റ് (MAK), തങ്ങളുടെ എട്ടാം വാർഷികാഘോഷമായ "മാമാങ്കം-2K25" മെഗാ കലാ-സാംസ്‌കാരിക പരിപാടി ഒക്ടോബർ 31 വെള്ളിയാഴ്ച സംഘടിപ്പിക്കും.
അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വൈകീട്ട് 4 മണിക്ക് പരിപാടി ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രധാന ആകർഷണങ്ങൾ
* പ്രശസ്ത റിയാലിറ്റി ഷോകളായ സീ ടിവി സരിഗമ ഫെയിമുകളും സിനിമാ പിന്നണി ഗായകരുമായ ജാസിം ജമാൽ, കീർത്തന എസ്.കെ, എന്നിവർ പരിപാടിയിൽ ഗാനങ്ങളാലപിക്കും.
* ഗായികയും സിനിമാതാരവുമായ വർഷ പ്രസാദ്, 'കൊളോണിയൽ കസിൻസ് ഓഫ് കേരള' എന്നറിയപ്പെടുന്ന ഷാൻ & ഷാ എന്നിവരും അണിനിരക്കും.
* നാട്ടിൽ നിന്നുള്ള അഞ്ചംഗ ഓർക്കസ്ട്ര ടീം ഇവർക്ക് അകമ്പടിയേകും.
* MAK അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളും 'മാമാങ്കം-2K25'ന് മാറ്റുകൂട്ടും. മലപ്പുറത്തിൻ്റെ തനതായ കലാസാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന ഒരു കലാവിരുന്നാണ് കാണികൾക്കായി ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
ഐക്യത്തോടെ നിലനിൽക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്ന MAK, പ്രവാസികളുടെ തൊഴിൽ പ്രശ്‌നങ്ങളിലും മറ്റ് സാമൂഹ്യ സേവന മേഖലകളിലും സജീവ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്.
2024-ൽ നടന്ന പ്രഥമ മാമാങ്കം പരിപാടിയിൽ പ്രഖ്യാപിച്ചതുപോലെ, മലപ്പുറം ജില്ലയിലെ പെയിൻ & പാലിയേറ്റീവ് യൂണിറ്റുകൾക്ക് ധനസഹായവും ജീവൻ രക്ഷാ ഉപകരണങ്ങളും സംഘടന നൽകിയിട്ടുണ്ട്.
2018-ലെ പ്രളയകാലത്തും, 2020-2021 കാലഘട്ടത്തിലെ കൊറോണ മഹാമാരിയുടെ സമയത്തും പ്രവാസികൾക്ക് താങ്ങും തണലുമാകാൻ MAK-ക്ക് സാധിച്ചു.
ഫഹാഹീൽ കാലിക്കറ്റ് ലൈവ് റെസ്റ്റോറന്റിൽ വെച്ച് നടന്ന പത്രസമ്മേളനത്തിൽ പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീർ, ജനറൽ സെക്രട്ടറി ഷറഫുദ്ദിൻ പുറക്കയിൽ, മാമാങ്കം ജനറൽ കൺവീനർ ബിജു ഭാസ്കർ, മുഖ്യ രക്ഷാധികാരി ഷറഫുദ്ദീൻ കണ്ണത്ത്, ഹോസ്പിറ്റാലിറ്റി പാർട്ണർ ഡോ. അബ്ദുള്ള ഹംസ എന്നിവർ പങ്കെടുത്തു. നാട്ടിൽ നിന്നെത്തിയ ഓർക്കസ്ട്ര ടീം അംഗങ്ങളായ നബീൽ, ഹക്കീം, ആശിഷ്, അനൂപ് എന്നിവരും സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us