"വെളിച്ചമാണ് ഖുർആൻ", കാമ്പയിൻ സമാപന സമ്മേളനം; ഡോ. ഗീവർഗീസ് മോർ കൂറിലോസ്, പി മുജീബ് റഹ്‌മാൻ എന്നിവർ പങ്കെടുക്കുന്നു

New Update
b9d8e720-65f6-40f7-83e1-5bd0b5fa0db5

കുവൈത്ത് സിറ്റി: വെളിച്ചമാണ് ഖുർആൻ എന്ന തലക്കെട്ടിൽ കേരള ഇസ്‌ലാമിക് ഗ്രൂപ് അഖില കുവൈത്ത് തലത്തിൽ ഒരു മാസക്കാലമായി നടന്നുവന്നിരുന്ന ഖുർആൻ സന്ദേശ പ്രചാരണ കാമ്പയിനിന്റെ സമാപന സമ്മേളനം നവംബർ 7 ന് വെള്ളിയാഴ്‌ച അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് പ്രോഗ്രാം കൺവീനർ അറിയിച്ചു. 

Advertisment

വൈകുന്നേരം 5.30 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മുഖ്യാതിഥികളായി നാട്ടിൽ നിന്ന് യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസന മെത്രാപൊലീത്ത ഡോക്‌ടർ ഗീവർഗീസ് മോർ കൂറിലോസ്, ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബ് റഹ്‌മാൻ എന്നിവർ പങ്കെടുക്കുന്നതാണ്. 

കെ ഐ ജി പ്രസിഡണ്ട് പി ടി ശരീഫ്, ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് എന്നിവർക്ക് പുറമെ കുവൈത്തിലെ സാമൂഹ്യ സാംസ്‌കാരിക മത രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് സമ്മേളന സ്ഥലത്തേക്ക് പ്രത്യേക വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. 

ഒക്ടോബർ 10 ന് തുടങ്ങിയ കാമ്പയിനിൻ്റെ ഭാഗമായി ഇതിനകം വിശുദ്ധ ഖുർആനിനെ പരിചയപ്പെടുത്തിക്കൊണ്ട് ലഘുലേഖ വിതരണം, ഓൺലൈൻ ക്വിസ്, സോഷ്യൽ മീഡിയ വീഡിയോകൾ, പോസ്റ്റുകൾ, യൂണിറ്റ് സമ്മേളനങ്ങൾ തുടങ്ങി വ്യത്യസ്‌ത പരിപാടികൾ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുകഴിഞ്ഞു. 

വേദ ഗ്രന്ഥങ്ങളുടെ പൊരുളുകളും സാരങ്ങളും മുഴുവൻ മനുഷ്യർക്കുമുള്ളതാണ് എന്ന് ഉദ്ഘോഷിച്ചുകൊണ്ട് 7 ഏരിയകളിൽ നടന്ന ചർച്ച സംഗമങ്ങളിൽ സമൂഹത്തിലെ വ്യത്യസ്‌ത തുറകളിലുള്ള നൂറ് കണക്കിന് ആളുകളാണ് പങ്കെടുത്തത്.

Advertisment