ഹവല്ലിയിലും സൽമിയയിലും വ്യാപക പരിശോധന; വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു, പഴയ ടയർ സംഭരണശാല അടപ്പിച്ചു

New Update
52f5e17b-3b8e-4e86-b862-077923c24219

കുവൈറ്റ് സിറ്റി: ഉപഭോക്തൃ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക വിപണികളെ നിയന്ത്രിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ മിന്നൽ പരിശോധനകളിൽ വൻതോതിൽ വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും പഴയ ടയറുകൾ വിൽക്കുന്ന ഒരു സ്റ്റോർ അടച്ചുപൂട്ടുകയും ചെയ്തു. ഹവല്ലി, സൽമിയ മേഖലകളിലായിരുന്നു പ്രധാനമായും നടപടികൾ.

Advertisment

വാണിജ്യ തട്ടിപ്പുകൾക്കെതിരെ പോരാടുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ തന്ത്രത്തിന്റെ ഭാഗമാണ് ഈ പരിശോധനകളെന്ന് കൊമേഴ്‌സ്യൽ കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഫൈസൽ അൽ-അൻസാരി പത്രക്കുറിപ്പിൽ അറിയിച്ചു.

ഹവല്ലിയിലെ ഒരു കടയിൽ നടത്തിയ പരിശോധനയിൽ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ബാഗുകളും ഷൂസുകളും വിൽക്കുന്നത് കണ്ടെത്തി. ബാഗുകൾ, ഷൂസുകൾ, വസ്ത്രങ്ങൾ, മറ്റ് ആക്സസറികൾ എന്നിവയുൾപ്പെടെ ഏകദേശം 3,000-ത്തോളം വ്യാജ ഉൽപ്പന്നങ്ങൾ ഇവിടെ നിന്ന് പിടിച്ചെടുത്തു. ഈ സ്ഥാപനം ഉടനടി അടച്ചുപൂട്ടി നിയമനടപടികൾ ആരംഭിച്ചു.
 
സൽമിയ മേഖലയിൽ നിയമവിരുദ്ധമായി പഴയ ടയറുകൾ വിറ്റ ഒരു സംഭരണശാല അധികൃതർ അടപ്പിച്ചു. വയലേഷനുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഉടനടി റിപ്പോർട്ട് ഫയൽ ചെയ്യുകയും കേസ് വാണിജ്യ പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

വസ്ത്രങ്ങളും പാദരക്ഷകളും വിൽക്കുന്ന മറ്റൊരു സ്ഥാപനത്തിൽ നിന്നും വ്യാപാരമുദ്ര നിയമങ്ങൾ ലംഘിച്ച് വിൽക്കാൻ വെച്ചിരുന്ന വ്യാജ ഉൽപ്പന്നങ്ങളുടെ വലിയ ശേഖരം പിടിച്ചെടുക്കുകയും ആ സ്ഥാപനവും അടച്ചുപൂട്ടുകയും ചെയ്തു.

വാണിജ്യപരമായ തട്ടിപ്പുകൾക്കെതിരെ കർശനമായ നിലപാടാണ് മന്ത്രാലയം സ്വീകരിക്കുന്നതെന്നും, എല്ലാ വാണിജ്യ സ്ഥാപനങ്ങളും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും അൽ-അൻസാരി കൂട്ടിചേർത്തു

Advertisment