/sathyam/media/media_files/2025/01/08/rPhYidIew8dZ8v7t8Lh4.jpg)
കുവൈത്ത് സിറ്റി: 'യാ ഹല നറുക്കെടുപ്പ് കേസ്' എന്ന പേരിൽ അറിയപ്പെടുന്ന അതീവ ഗുരുതരമായ സമ്മാനത്തട്ടിപ്പ് കേസിൽ ഉൾപ്പെട്ട 15 പ്രതികളെ അറസ്റ്റ് ചെയ്യാൻ ക്രിമിനൽ കോടതി ഉത്തരവിട്ടു.
പ്രതികളെ വിചാരണ നടപടികൾ പൂർത്തിയാക്കുന്നതുവരെ സെൻട്രൽ ജയിലിലേക്ക് അയക്കാൻ ജഡ്ജി നാസർ അൽ-ബദറിന്റെ അധ്യക്ഷതയിലുള്ള കോടതി ഉത്തരവിട്ടു.
കുവൈത്ത് ഷോപ്പിംഗ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് വാണിജ്യ നറുക്കെടുപ്പുകളിൽ നടന്ന തിരിമറികൾ സംബന്ധിച്ചാണ് കേസ്.
വ്യാജരേഖ ചമയ്ക്കൽ, കൈക്കൂലി, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ എന്നിവയിലൂടെ സമ്മാനങ്ങൾ നിയമവിരുദ്ധമായി പ്രത്യേക ഗുണഭോക്താക്കൾക്ക് നൽകി സാമ്പത്തിക നേട്ടമുണ്ടാക്കി എന്നാണ് ആരോപണം.
വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നടന്ന 'യാ ഹല' ഷോപ്പിംഗ് ഫെസ്റ്റിവലിലെ വാണിജ്യ നറുക്കെടുപ്പുകളിൽ തിരിമറി നടന്നതായി സുരക്ഷാ ഏജൻസികൾ സമർപ്പിച്ച റിപ്പോർട്ടുകളിൽ നിന്നാണ് കേസ് ആരംഭിച്ചത്.
ഈ വർഷം ആദ്യം ക്രിമിനൽ അന്വേഷണ സംഘങ്ങൾ നടത്തിയ പരിശോധനയിൽ ഫെസ്റ്റിവൽ നറുക്കെടുപ്പുകളിൽ കൃത്രിമം കാണിച്ച ഒരു സംഘത്തെ കണ്ടെത്തിയിരുന്നു.
നറുക്കെടുപ്പ് വിഭാഗത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനും നിരവധി സഹകാരികളും ഇതിൽ ഉൾപ്പെട്ടിരുന്നു നിരവധി കാർ സമ്മാനങ്ങൾ അനധികൃതമായി നേടിയ ഒരു പ്രവാസി വനിത രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായിരുന്നു.
കൈക്കൂലി, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ, പൊതുപണം തട്ടിയെടുക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി നിരവധി വാണിജ്യ നറുക്കെടുപ്പുകളിലും വലിയ സമ്മാന മൂല്യങ്ങളിലുമായി ഡസൻ കണക്കിന് പ്രതികളെ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്.
പൊതുജനങ്ങൾക്ക് വാണിജ്യ പ്രോത്സാഹനങ്ങളിലുള്ള വിശ്വാസത്തെ ബാധിക്കുന്ന ഈ കേസിന്റെ ഗൗരവം കണക്കിലെടുത്ത്, അന്വേഷണം പൂർത്തിയാകുന്നതുവരെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നത് പബ്ലിക് പ്രോസിക്യൂഷൻ നേരത്തെ വിലക്കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us