കുവൈത്തിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസ്: ഇന്ത്യൻ പ്രവാസിക്ക് വധശിക്ഷ

New Update
court order1

കുവൈത്ത് സിറ്റി: കുവൈത്തിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഒരു ഇന്ത്യൻ പ്രവാസിക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ജഡ്ജി നയീഫ് അൽ-ദഹൂമിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ചത്.

Advertisment

ഇരുവരും തമ്മിലുണ്ടായ ആവർത്തിച്ചുള്ള സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. വീട്ടുചെലവുകൾക്കും ഭക്ഷണത്തിനും ആവശ്യമായ പണം പ്രതിയിൽ നിന്ന് ലഭിക്കാത്തതിനെ തുടർന്ന് ഇവ തുല്യമായി പങ്കിടണമെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നു.

ഈ തർക്കത്തിനൊടുവിൽ, ഇരയെ സാൽമി മരുഭൂമിയിൽ കൊണ്ടുപോയ പ്രതി ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കുന്നതുവരെ പ്രതി ആക്രമണം തുടർന്നതായി കോടതി രേഖകളിൽ പറയുന്നു.

കൊലപാതകത്തിന് പിന്നിലെ സാഹചര്യങ്ങളും പ്രതിയുടെ ക്രൂരതയും കണക്കിലെടുത്താണ് ക്രിമിനൽ കോടതിയുടെ സുപ്രധാന വിധി. പ്രതിയും കൊല്ലപ്പെട്ട ഭാര്യയും ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് വ്യക്തമല്ല.

Advertisment