ശ്രീനിവാസൻ ഇനി ഓർമ്മ; മലയാള സിനിമയ്ക്ക് തീരാനഷ്ടമെന്ന് കെ.ഡി.എൻ.എ

New Update
ccbd0007-c910-48b2-bb84-33ea48859d8f

കുവൈത്ത് സിറ്റി: മലയാള സിനിമയുടെ ചരിത്രത്തിൽ അതുല്യമായ മുദ്ര പതിപ്പിച്ച പ്രശസ്ത നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണം മലയാളി സമൂഹത്തെ മുഴുവൻ ആഴത്തിലുള്ള ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. 

Advertisment

കലാപരവും സാമൂഹികബോധമുള്ളതുമായ സിനിമകളിലൂടെ അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ കാലാതീതവും അനശ്വരവുമാണ്.

സാധാരണ മനുഷ്യരുടെ ജീവിത യാഥാർത്ഥ്യങ്ങൾ, സാമൂഹിക വൈരുദ്ധ്യങ്ങൾ, രാഷ്ട്രീയവും സാംസ്കാരികവുമായ ചോദ്യങ്ങൾ എന്നിവ ഹാസ്യത്തിന്റെ നേർത്ത സ്പർശത്തോടെ അവതരിപ്പിക്കുന്നതിൽ ശ്രീനിവാസൻ അപൂർവ പ്രതിഭയായിരുന്നു. നടനെന്ന നിലയിലും തിരക്കഥാകൃത്തെന്ന നിലയിലും സംവിധായകനെന്ന നിലയിലും അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളും സിനിമകളും മലയാള സിനിമയിൽ എക്കാലവും നിലനിൽക്കും. 

ചിന്തിപ്പിക്കുകയും സാമൂഹിക പ്രതിബദ്ധത പുലർത്തുകയും ചെയ്ത ഒരു കലാകാരന്റെ വേർപാട് സിനിമാ ലോകത്തിനും മലയാളി സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണ്.

കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ശ്രീനിവാസന്റെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും സഹപ്രവർത്തകർക്കും ലോകമെമ്പാടുമുള്ള ആരാധകർക്കും കെ.ഡി.എൻ.എയുടെ അനുശോചനങ്ങൾ അറിയിക്കുന്നു.

Advertisment