കുവൈത്തിൽ വിദേശികൾക്ക് പുതിയ ആരോഗ്യ ഇൻഷുറൻസ് ചട്ടങ്ങൾ; ഡിസംബർ 23 മുതൽ പ്രാബല്യത്തിൽ

New Update
download (15)

കുവൈറ്റ് സിറ്റി: വിദേശികളുടെ ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട പുതിയ എക്സിക്യൂട്ടീവ് ചട്ടങ്ങൾ കുവൈറ്റ് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദി പുറത്തിറക്കി. 

Advertisment

വിസയ്ക്കും താമസരേഖകൾക്കും (ഇഖാമ) ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്ന പുതിയ നിയമം 2025 ഡിസംബർ 23 മുതൽ പ്രാബല്യത്തിൽ വരും.

പുതിയ ഉത്തരവ് പ്രകാരമുള്ള പ്രധാന നിരക്കുകൾ:

 * ഇഖാമ ഫീസ്: സർക്കാർ-സ്വകാര്യ മേഖലയിലെ ജീവനക്കാർ, വിദേശ നിക്ഷേപകർ, വിദേശ വിദ്യാർത്ഥികൾ, ഫാമിലി വിസയിലുള്ളവർ (ഭാര്യ, മക്കൾ) തുടങ്ങി 10 വിഭാഗങ്ങൾക്ക് 100 ദിനാറാണ് വാർഷിക ഹെൽത്ത് ഇൻഷുറൻസ് ഫീസ്.
 
* കുറഞ്ഞ നിരക്ക്: കാർഷിക തൊഴിലാളികൾ, മത്സ്യബന്ധന തൊഴിലാളികൾ, ഇടയന്മാർ തുടങ്ങിയ പ്രത്യേക വിഭാഗങ്ങൾക്ക് ഫീസ് 10 ദിനാറായി നിജപ്പെടുത്തിയിട്ടുണ്ട്.
 
* എൻട്രി വിസ: തൊഴിൽ, കുടുംബം, പഠനം തുടങ്ങി താമസ ആവശ്യങ്ങൾക്കായി എത്തുന്നവർക്കുള്ള എൻട്രി വിസകൾക്ക് 5 ദിനാറാണ് ഫീസ്. ട്രാൻസിറ്റ് വിസകൾക്കും ഡ്രൈവർമാർക്കും ഇതേ നിരക്ക് ബാധകമാണ്. സന്ദർശക വിസകളുടെ ഫീസ് സ്വകാര്യ ഇൻഷുറൻസ് സംവിധാനത്തിന് അനുസൃതമായിരിക്കും.
 
* ഗാർഹിക തൊഴിലാളികൾ: കുവൈറ്റ് പൗരന്മാരുടെ സ്പോൺസർഷിപ്പിലുള്ള ഗാർഹിക തൊഴിലാളികളിൽ ആദ്യത്തെ മൂന്ന് പേർക്ക് ഫീസ് നൽകേണ്ടതില്ല. നാലാമത്തെയാൾ മുതൽ 10 ദിനാർ ഈടാക്കും.

കുവൈറ്റികളെ വിവാഹം കഴിച്ച വിദേശി സ്ത്രീകൾ, കുവൈറ്റികളുടെ വിദേശികളായ മക്കൾ, കുവൈറ്റ് പൗരത്വമുള്ള സ്ത്രീകളുടെ മക്കൾ (വിദേശ ഭർത്താവിൽ ജനിച്ചവർ), നയതന്ത്ര ഉദ്യോഗസ്ഥർ, 4 മാസം വരെ പ്രായമുള്ള നവജാത ശിശുക്കൾ തുടങ്ങി 9 വിഭാഗങ്ങളെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പാസ്‌പോർട്ടിന്റെ കാലാവധിക്ക് പകരം ആഭ്യന്തര മന്ത്രാലയം നൽകുന്ന വിസയുടെയും ഇഖാമയുടെയും കാലാവധിയുമായി ബന്ധിപ്പിച്ചായിരിക്കും ഇൻഷുറൻസ് കാലാവധി കണക്കാക്കുകയെന്നും അധികൃതർ അറിയിച്ചു.

Advertisment