/sathyam/media/media_files/2025/12/22/visa-kuwait-2025-12-22-23-20-10.webp)
കുവൈറ്റ് സിറ്റി: വിദേശികളുടെ താമസരേഖയുമായി ബന്ധപ്പെട്ട 2025-ലെ എക്സിക്യൂട്ടീവ് റെഗുലേഷൻസ് (നിയമം നമ്പർ 2249) നാളെ (2025 ഡിസംബർ 23) മുതൽ നടപ്പിലാക്കും.
വിദേശ നിക്ഷേപകർ, ഗാർഹിക തൊഴിലാളികൾ, നവജാത ശിശുക്കളുടെ രജിസ്ട്രേഷൻ എന്നിവ സംബന്ധിച്ച നിർണ്ണായക മാറ്റങ്ങളാണ് പുതിയ ഉത്തരവിലുള്ളത്.
പുതിയ നിയമത്തിലെ പ്രധാന നിർദ്ദേശങ്ങൾ:
1. ഗാർഹിക തൊഴിലാളികൾക്ക് കർശന ഉപാധികൾ
* പുതിയ നിയമപ്രകാരം ആർട്ടിക്കിൾ 20-ൽ (ഗാർഹിക വിസ) ഉള്ളവർക്ക് കുവൈറ്റിന് പുറത്ത് തുടർച്ചയായി താമസിക്കാവുന്ന കാലാവധി 4 മാസമായി ചുരുക്കി (മുമ്പ് ഇത് 6 മാസമായിരുന്നു).
* 4 മാസത്തിൽ കൂടുതൽ പുറത്തുനിന്നാൽ സ്പോൺസർ പ്രത്യേക എക്സിറ്റ് പെർമിറ്റിന് അപേക്ഷ നൽകിയിട്ടില്ലെങ്കിൽ ഇക്കാമ റദ്ദാക്കപ്പെടും.
* എന്നാൽ, നിയമം നടപ്പിലാകുന്ന തീയതിക്ക് മുമ്പ് (നാളെക്ക് മുമ്പ്) നാട്ടിലേക്ക് പോയവർക്ക് ഈ നിയമം ബാധകമല്ല.
* റിക്രൂട്ട് ചെയ്യുന്ന ഗാർഹിക തൊഴിലാളികളുടെ പ്രായം 21 വയസ്സിൽ കുറയാനോ 60 വയസ്സിൽ കൂടാനോ പാടില്ല.
2. വിദേശ നിക്ഷേപകർക്ക് 15 വർഷത്തെ വിസ
* വിദേശ നിക്ഷേപകർക്ക് 15 വർഷം വരെ കാലാവധിയുള്ള സാധാരണ റെസിഡൻസ് പെർമിറ്റ് അനുവദിക്കും.
* കുവൈറ്റ് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റിയുടെ (KDIPA) ഔദ്യോഗിക കത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിസ അനുവദിക്കുക.
* മന്ത്രിസഭ നിശ്ചയിക്കുന്ന ചട്ടങ്ങൾക്ക് വിധേയമായിട്ടായിരിക്കും ഈ ആനുകൂല്യം.
3. നവജാത ശിശുക്കളുടെ രജിസ്ട്രേഷൻ
* വിദേശികളുടെ നവജാത ശിശുക്കൾക്ക് ഇക്കാമ നടപടികൾ പൂർത്തിയാക്കാൻ 4 മാസം സമയം ലഭിക്കും.
* ഈ കാലയളവിനുള്ളിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ, ആദ്യ മാസത്തിൽ ദിവസത്തിന് 2 ദിനാർ വീതവും, തുടർന്ന് ദിവസത്തിന് 4 ദിനാർ വീതവും പിഴ ഈടാക്കും.
4. വിസ ഫീസുകൾ
* എല്ലാത്തരം എൻട്രി വിസകൾക്കും വിസിറ്റ് വിസകൾക്കും ഇനി മുതൽ പ്രതിമാസം 10 ദിനാർ ഫീസ് ഈടാക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us