കുവൈറ്റിൽ നിയമവിരുദ്ധമായി പ്രവർത്തിച്ച ഹുസൈനിയ അടച്ചുപൂട്ടി; കർശന നടപടിയുമായി ആഭ്യന്തര മന്ത്രാലയം

New Update
6893539a-d850-485d-a79d-425775b1683a

കുവൈറ്റ് സിറ്റി: വിഭാഗീയത വളർത്തുന്ന രീതിയിലുള്ള പ്രചാരണങ്ങൾ നടത്തിയതിനും പൊതുനിയമങ്ങൾ ലംഘിച്ചതിനും കുവൈറ്റിൽ സ്വകാര്യ വസതിയിൽ പ്രവർത്തിച്ചിരുന്ന അനധികൃത ഹുസൈനിയ ആഭ്യന്തര മന്ത്രാലയം അടച്ചുപൂട്ടി.

Advertisment

സമുദായങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നടപടി സ്വീകരിച്ചത്.

ഒരു സ്വകാര്യ വസതി കേന്ദ്രീകരിച്ചാണ് യാതൊരുവിധ ലൈസൻസുമില്ലാതെ ഈ ഹുസൈനിയ പ്രവർത്തിച്ചിരുന്നത്. ഇത് അയൽവാസികൾക്ക് ശല്യമാകുകയും പൊതുക്രമം ലംഘിക്കുകയും ചെയ്യുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.

അപകടകരമായ വസ്തുക്കളും സുരക്ഷിതമല്ലാത്ത രീതിയിലുള്ള ഇലക്ട്രിക്കൽ വയറിംഗും ഉപയോഗിച്ച് ചില ദൃശ്യങ്ങൾ പുനരാവിഷ്കരിക്കാൻ ഇവിടെ സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. ഇത് ജീവനും സ്വത്തിനും വലിയ ഭീഷണിയാണെന്ന് അധികൃതർ വിലയിരുത്തി.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധന നടന്നത്.

കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും കുവൈറ്റ് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് കെട്ടിടത്തിലെ നിയമലംഘനങ്ങൾ നീക്കം ചെയ്തതായും മന്ത്രാലയം അറിയിച്ചു.

ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്ന് മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.

Advertisment