/sathyam/media/media_files/2026/01/16/2fa3c911-4978-4e94-bb49-05e91904d1a5-2026-01-16-23-04-47.jpg)
കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ സപ്തതി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് സപ്തതി ലോഗോയുടെ പ്രകാശനകർമ്മം മഹാ ഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോർജ്ജ് പാറയ്ക്കൽ നിർവ്വഹിച്ചു.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ വിശ്വാസികളായ 40-തോളം പേർ, തങ്ങളുടേതായ ആരാധനരീതികളും, വിശ്വാസപാരമ്പര്യങ്ങളും സംരക്ഷിക്കുവാനും പിന്തുടരുവാനും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ, മലങ്കരസഭയുടെ അന്നത്തെ മേലദ്ധ്യക്ഷനായിരുന്ന പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതിയൻ ബാവാ തിരുമേനിയുടെ അനുഗ്രഹാശിസ്സുകളോട്, 1957 മുതൽ എല്ലാ ചൊവ്വാഴ്ച്ചകളിലും വൈകിട്ട് നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ ഓർത്തഡോക്സ് രീതിയിലുള്ള സന്ധ്യാപ്രാർത്ഥനകൾ ആരംഭിക്കുകയുണ്ടായി.
ഭാരതീയ സ്വതന്ത്രസഭയെന്ന നിലയിൽ കുവൈറ്റിൽ ആദ്യമായി സ്വന്തമായ ആരാധനകൾക്ക് തുടക്കം കുറിയ്ക്കുവാൻ സാധിച്ചുവെന്ന നിലയിൽ മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് അഭിമാനിക്കുവാൻ സാധിക്കും. 1957 ജനുവരി 15-നു തുടക്കം കുറിച്ച ഓർത്തഡോക്സ് സിറിയൻ ഇടവകയിൽ, അതേവർഷം മാർച്ച് മാസത്തിൽ കുവൈറ്റിൽ സ്വകാര്യസന്ദർശനത്തിനെത്തിയ റവ. ഫാ. ഇ.പി. ജേക്കബ്, നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ ആദ്യമായി വിശുദ്ധ കുർബ്ബാനയർപ്പിക്കുകയുണ്ടായി.
തുടർന്ന് 1962-ൽ അന്നത്തെ ബഹറിൻ ഇടവക വികാരിയായിരുന്ന റവ. ഫാ. ജോർജ്ജ് കുര്യൻ, കുവൈറ്റ് സന്ദർശിച്ച് വിശുദ്ധ കുർബ്ബാന അർപ്പിച്ചു തുടങ്ങിയതോടെ, സന്ധ്യാനമസ്ക്കാരങ്ങളിലും മറ്റും ഒതുങ്ങി നിന്ന ഇടവകയുടെ പ്രവർത്തനങ്ങൾ വിപുലമായ രീതിയിൽ ആരംഭിക്കുകയുണ്ടായി.
ഏതാണ്ട് 6 മാസങ്ങൾക്കു ശേഷം റവ. ഫാ. സി.വി. ജോണിനെ, ഇടവകയുടെ പ്രഥമവികാരിയായി ഔദ്യോഗികമായി നിയമിച്ചതോടെ 120 അംഗങ്ങളുമായി ഇടവകയുടെ പ്രവർത്തനം പൂർണ്ണതോതിൽ ആരംഭിക്കുകയും, പിന്നീട് 1994-95 കാലയളവിൽ ഭദ്രാസനമെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ കൂടിയ ഇടവകപൊതുയോഗ തീരുമാനപ്രകാരം പരിശുദ്ധ പരുമല തിരുമേനിയുടെ നാമധേയത്തിൽ പുനർ:നാമകരണം ചെയ്യപ്പെട്ട ഇടവകയെ, 2007 നവംബർ മാസം 2-ാം തീയതി പരിശുദ്ധ കാതോലിക്കാ മോറാൻ മാർ ബസേലിയോസ് മാർത്തോമാ ദിദിമോസ് പ്രഥമൻ ബാവാ തിരുമേനി 'മഹാ ഇടവക'യായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇടവക സഹവികാരി റവ. ഫാ. മാത്യൂ തോമസ്, ട്രസ്റ്റി ദീപക്ക് അലക്സ് പണിക്കർ, സെക്രട്ടറി ജേക്കബ് റോയി, സപ്തതി ആഘോഷങ്ങളുടെ ജനറൽ കൺ വീനർ മാത്യൂസ് വർഗ്ഗീസ്, ജോയിന്റ് ജനറൽ കൺ വീനർ ജോൺ പി. ജോസഫ്, ഫിനാൻസ് കൺവീനർ നവീൻ കുര്യൻ തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇടവകാംഗമായ സജി ഡാനിയേലാണ് തെരഞ്ഞെടുക്കപ്പെട്ട ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us