ഇന്ത്യൻ ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് കുവൈറ്റ് എൻആർഐ ടീം‌; 19 വയസ്‌ വിഭാഗത്തിൽ മുൻ ചാമ്പ്യന്മാരായ മഹാരാഷ്ട്രയെ വീഴ്ത്തി കിരീടം, 13 വയസ്‌ വിഭാഗത്തിൽ വെള്ളിയും 15 വയസ്‌ വിഭാഗത്തിൽ വെങ്കലവും

New Update
4e152051-2baf-48b9-a84d-c862073b5962

കുവൈറ്റ്: മഹാരാഷ്ട്രയിലെ പാൽഘറിൽ നടന്ന 38-ാം ഇന്ത്യൻ ദേശീയ ജൂനിയർ, സബ് ജൂനിയർ വടംവലി ചാമ്പ്യൻഷിപ്പിൽ ചരിത്രവിജയം കുറിച്ച് കുവൈറ്റ് എൻആർഐ‌ ടീം രാജ്യത്തിന്റെ കായികരംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. 

Advertisment

19 വയസ്സിന് താഴെയുള്ള 520 കിലോ വിഭാഗത്തിൽ നടന്ന അത്യന്തം ആവേശകരമായ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ മഹാരാഷ്ട്ര ടീമിനെ പരാജയപ്പെടുത്തിയാണ് കുവൈറ്റിലെ കുട്ടികൾ ചരിത്രമെഴുതിയത്. 

b226cdbb-40dd-4514-adc7-8a89c35b5124

13 വയസ്സിന് താഴെയുള്ള വിഭാഗത്തിൽ ശക്തരായ മഹാരാഷ്ട്ര ടീമിനോട് കടുത്ത പോരാട്ടം നടത്തി, കുവൈറ്റിലെ കുരുന്നുകൾ വെള്ളി മെഡൽ നേടി വിസ്മയിപ്പിച്ചു. അതേസമയം, 15 വയസ്സിന് താഴെയുള്ള വിഭാഗത്തിൽ നടന്ന എല്ലാ മത്സരങ്ങളിലും ശക്തരായ എതിരാളികളെ വിറപ്പിച്ചുകൊണ്ട് കുവൈറ്റ്‌ ടീം വെങ്കല മെഡൽ സ്വന്തമാക്കി.

കുവൈത്ത്‌ എൻആർഐ ടീമിനെ പ്രതിനിധീകരിച്ച് ഭാവൻസ് സ്കൂൾ, യുണൈറ്റഡ് ഇന്റർനാഷണൽ സ്കൂൾ, യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഏകദേശം 75 പ്രവാസി വിദ്യാർത്ഥി താരങ്ങളും 10 ഓളം ഒഫീഷ്യൽസും ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.

കുവൈത്ത്‌ എൻആർഐ ഫെഡറേഷൻ ടീം ആദ്യമായാണ് ഇന്ത്യയിൽ ഔദ്യോഗിക ദേശീയ ടൂർണമെന്റിൽ വടംവലി ടീമുമായി പങ്കെടുത്തത്. ആദ്യ അവസരത്തിൽ തന്നെ കാഴ്ചവച്ച മിന്നുന്ന പ്രകടനം കായിക പ്രേമികളെ അത്ഭുതപ്പെടുത്തിയതായി ടഗ് ഓഫ് വാർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറി മദൻ മോഹൻ സമ്മാനദാന ചടങ്ങിൽ അഭിപ്രായപ്പെട്ടു.

c512bb0e-b30b-4166-a66b-c915ac61c175

ലോക പ്രവാസി സമൂഹത്തിന് തന്നെ വലിയ വഴിത്തിരിവാകുന്ന ഈ കായിക സംരംഭത്തിന് നേതൃത്വം നൽകിയ കുവൈറ്റ്‌ NRI ടഗ് ഓഫ് വാർ അസോസിയേഷൻ ജനറൽ സെക്രട്ടറി ഡി.കെ. ദിലീപിന്റെ പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനങ്ങൾ അർഹിക്കുന്നതാണെന്ന് യാത്രയയപ്പ് ചടങ്ങിൽ ഭാവൻസ് സ്കൂൾ ചെയർമാൻ രാമചന്ദ്ര മേനോൻ പറഞ്ഞു. ഈ നേട്ടം പ്രവാസി കായിക മേഖലക്ക് പുതിയ മാനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിജയവുമായി മടങ്ങിയെത്തിയ ടീമിനെ വരവേൽക്കാനെത്തിയ കുവൈറ്റ്‌ NRI ടഗ് ഓഫ് വാർ അസോസിയേഷൻ, തനിമ കുവൈറ്റ്‌ ഭാരവാഹികൾ ഉൾപ്പെടെയുള്ള പൗരസമൂഹം താരങ്ങൾക്ക് വൻ സ്വീകരണം നൽകും. അസോസിയേഷൻ പ്രസിഡന്റ്‌ ബാബുജി ബത്തേരി, ട്രഷറർ ബിനോയ് വർഗീസ് എന്നിവർ ടീമിന് ആശംസകൾ അറിയിച്ചു.

Advertisment