ദേശീയ പതാക ഉയർത്തുന്നതിൽ മാർഗനിർദേശങ്ങളുമായി കുവൈത്ത് നഗരസഭ; ലംഘിച്ചാൽ കർശന നടപടി

New Update
360_F_310473635_vJP1bBjmWUFjLsx2lnhFLgGCRlwDW0SH

കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് ദേശീയ പതാക ഉയർത്തുമ്പോൾ പാലിക്കേണ്ട കർശനമായ മാർഗനിർദേശങ്ങൾ കുവൈത്ത് നഗരസഭ പുറപ്പെടുവിച്ചു. 

Advertisment

പതാകയുടെ പ്രതീകാത്മകതയെ ബഹുമാനിക്കേണ്ടതിന്റെയും ദേശീയ മൂല്യങ്ങൾ കാത്തുസൂക്ഷിക്കേണ്ടതിന്റെയും പ്രാധാന്യം കണക്കിലെടുത്താണ് മുനിസിപ്പാലിറ്റി വക്താവ് മുഹമ്മദ് സാൻദൻ പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.

പതാക പ്രദർശിപ്പിക്കുമ്പോൾ നിറങ്ങളുടെ ക്രമം കൃത്യമായി പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. പതാക ഉയർത്തുമ്പോൾ കൊടിമരത്തിന്റെ മുൻവശത്ത് കറുപ്പ് നിറം വരുന്ന രീതിയിലായിരിക്കണം ക്രമീകരിക്കേണ്ടത്. പതാകയുടെ മുകൾഭാഗത്ത് പച്ചയും മധ്യത്തിൽ വെള്ളയും താഴെ ചുവപ്പും നിറങ്ങൾ വരണമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. 

പതാക ഉയർത്തുന്നത് വേഗത്തിലായിരിക്കണമെന്നും എന്നാൽ അത് താഴ്ത്തുന്നത് സാവധാനത്തിലും അങ്ങേയറ്റം ബഹുമാനത്തോടും കൂടിയായിരിക്കണമെന്നും നഗരസഭ ഓർമ്മിപ്പിച്ചു.

ഉപയോഗിക്കുന്ന പതാകകൾ പൂർണ്ണമായും വൃത്തിയുള്ളതായിരിക്കണം. കീറിയതോ നിറം മങ്ങിയതോ ആയ പതാകകൾ ഉപയോഗിക്കാൻ പാടുള്ളതല്ല. പതാക തലകീഴായി ഉയർത്തുന്നതും പതാകയിൽ ചിത്രങ്ങളോ എഴുത്തുകളോ ചേർക്കുന്നതും നിയമവിരുദ്ധമാണ്. 

പതാക നിലത്ത് സ്പർശിക്കുന്ന രീതിയിൽ പ്രദർശിപ്പിക്കരുത്. കൂടാതെ, സ്വകാര്യ കെട്ടിടങ്ങളിൽ ദേശീയ പതാക തുടർച്ചയായി പ്രദർശിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്.

ദേശീയ പതാകയെ വ്യാപാരമുദ്രയായോ പരസ്യ ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്തെ പൗരന്മാരും താമസക്കാരും ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കുവൈത്ത് നഗരസഭ അഭ്യർത്ഥിച്ചു.

Advertisment