ലിഫ്റ്റുകൾക്ക് ഫയർ ഫോഴ്‌സ് അംഗീകാരം നിർബന്ധം: കുവൈത്തിൽ പരിശോധന കർശനമാക്കുന്നു

New Update
KUWAIT FIRE FORCE DEPTMT

കുവൈത്ത് സിറ്റി: രാജ്യത്തെ റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ, ഇൻവെസ്റ്റ്‌മെന്റ് കെട്ടിടങ്ങളിൽ എലിവേറ്ററുകൾ സ്ഥാപിക്കുമ്പോൾ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കുവൈത്ത് അഗ്നിശമന രക്ഷാ സേന (കെ.എഫ്.എഫ്) അറിയിച്ചു.

Advertisment

ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അഗ്നിശമന സേനയുടെ ഔദ്യോഗിക അംഗീകാരമുള്ള സ്ഥാപനങ്ങൾ വഴി മാത്രമേ കെട്ടിടങ്ങളിൽ ലിഫ്റ്റുകൾ സ്ഥാപിക്കാൻ പാടുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി.

അംഗീകൃത ഏജൻസികളെ ചുമതലപ്പെടുത്തുന്നതിലൂടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സാങ്കേതിക സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്താൻ സാധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

പുതുതായി സ്ഥാപിക്കുന്ന ലിഫ്റ്റുകൾ കൃത്യമായ സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കേണ്ടതുണ്ട്. ഇത്തരം പരിശോധനകൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുൻപായി യാതൊരു കാരണവശാലും ലിഫ്റ്റുകൾ പ്രവർത്തിപ്പിക്കാൻ പാടുള്ളതല്ലെന്ന് കെട്ടിട ഉടമകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

നിലവിൽ പ്രവർത്തിക്കുന്ന ലിഫ്റ്റുകൾ കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. നിയമലംഘനങ്ങൾ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനായി പ്രത്യേക പരിശോധനാ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തുന്ന കെട്ടിട ഉടമകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും കുവൈത്ത് അഗ്നിശമന രക്ഷാ സേന മുന്നറിയിപ്പ് നൽകി.

Advertisment